തൊടുപുഴ: ഒരിടവേളയ്ക്കു ശേഷം ഭൂമി വിഷയത്തില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിന്റെ ആശിര്‍വാദത്തോടെ മുന്നണിയിലെ തന്നെ മറ്റൊരു കക്ഷിയായ സിപിഐയെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ പട്ടയം റദ്ദാക്കിയതോടെയാണ് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയുമായി സിപിഎം ജില്ലയില്‍ വീണ്ടും ഇടയുന്നത്.

ഇടക്കാലത്തു മന്ദീഭവിച്ച മൂന്നാര്‍ സംരക്ഷണ സമിതിയെന്ന സംഘടന സിപിഎമ്മിന്റെ ആശിര്‍വാദത്തോടെ പുനരുജ്ജീവിപ്പിച്ചാണ് മൂന്നാറില്‍ സിപിഐ ഭരിക്കുന്ന റവന്യൂ വനംവകുപ്പുകള്‍ക്കെതിരേ രംഗത്തുവരുന്നത്. സംഘടനയുടെ നേതൃത്വത്തില്‍ റവന്യൂ വനംവകുപ്പുകള്‍ക്കെതിരേ ഹര്‍ത്താലും പ്രഖ്യാപിച്ചുകഴിഞ്ഞു. വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്തിലാണ് സംഘടന വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും സിപിഐയെ പൂര്‍ണമായും ഒഴിവാക്കിയാണ് പ്രവര്‍ത്തനമെന്നതും ശ്രദ്ധേയം.

സമിതിയുടെ യോഗം ബുധനാഴ്ച മൂന്നാറില്‍ ചേര്‍ന്നിരുന്നു. ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. റവന്യൂ വനം വകുപ്പുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരേ നവംബര്‍ 21 ന് മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ഒന്‍പതു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കും. പള്ളിവാസല്‍, മൂന്നാര്‍, ചിന്നക്കനാല്‍, ദേവികുളം, ബൈസണ്‍വാലി, ശാന്തന്‍പാറ, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുളളത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ യോഗത്തിലൈ തീരുമാനങ്ങള്‍ നടപ്പാക്കാതെ റവന്യൂ വകുപ്പ് സ്വന്തം ഇഷ്ടം നടത്തുകയാണെന്നു സമിതി ആരോപിക്കുന്നു. നിര്‍മാണ നിയന്ത്രണം പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളും സമിതി മുന്നോട്ടുവയ്ക്കുന്നുണ്ട്. യോഗത്തിനു പിന്നാലെ വ്യാഴാഴ്ച തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാറിനും റവന്യൂ വകുപ്പിനും എതിരേ ആഞ്ഞടിച്ചു. സബ് കലക്ടര്‍ കോപ്പിയടിച്ചാണ് ഐഎഎസ് പാസായെന്നു ആരോപിച്ച രാജേന്ദ്രന്‍ മറ്റാരൊക്കെയോ ആണ് സബ് കലക്ടറെ നിയന്ത്രിക്കുന്നതെന്നും കുറ്റപ്പെടുത്തി. ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നു പക്വത പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും തുടര്‍ന്നു വന്ന സബ് കലക്ടറും അതേ വഴിക്കാണ് നീങ്ങുന്നതെന്നും രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ഭൂസ്വാമിമാരെ രക്ഷിക്കാനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ഇപ്പോള്‍ മൂന്നാറില്‍ ഹര്‍ത്താലിന്റെയും സമരത്തിന്റെയും ആവശ്യമില്ലെന്നുമാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്റെ പ്രതികരണം. ചൊവ്വാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഇതേസമയം ജോയ്‌സ് ജോര്‍ജ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്നും പിതാവ് നല്‍കിയ ഭൂമിയാണ് ജോയ്‌സിനു ലഭിച്ചതെന്നും സിപിഐയുടെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം ഉടുമ്പൻചോലയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ച ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുളള കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58-ല്‍ ഉള്‍പ്പെടുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയം ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഈ വിഷയം ജില്ലയില്‍ സിപിഎം-സിപിഐ പോരിലേക്കു നീങ്ങുന്നതിനിടെയാണ് നെടുങ്കണ്ടം മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ച ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജോയ്‌സിന്റെ ഭൂമിയുടെ വിഷയത്തില്‍ നിലപാടു വ്യക്തമാക്കിയത്.

എന്നാൽ, മന്ത്രിയുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന അസിസ്റ്റന്ര് സെക്രട്ടറി കെ.പ്രകാശ് ബാബു രംഗത്തു വന്നു. സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

തന്രെ ഭാഗം കേൾക്കാതെയാണ് റവന്യൂ വകുപ്പിന്രെ നടപടിയെന്ന് ചൂണ്ടിക്കാണിച്ച് ജോയ്‌സ് ജോർജ് എംപി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി. പി.സി.ജോർജ് എംഎൽഎയും ജോയ്സ് ജോർജിനെ അനുകൂലിച്ച് രംഗത്തെത്തി. ജോയ്സ് ജോർജിന് പിതാവ് വീതം നൽകിയ ഭൂമിയാണെന്നും അത് കൈയേറിയതാണെന്ന് സബ് കലക്ടർക്ക് എങ്ങനെ പറയാനാകും എന്ന വാദമുയർത്തിയാണ് അദ്ദേഹം എംപിയെ പിന്തുണച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ