കണ്ണൂർ: പാനൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎം പുത്തൂർ ലോക്കൽ കമ്മിറ്റി അംഗം നൗഷാദ് കളത്തിൽ (44), കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫൽ (42) എന്നിവർക്കാണ്​ വെട്ടേറ്റത്. ചെണ്ടയാട് കുന്നുമ്മൽ സിപിഎം ഓഫിസിന് മുന്നിൽവച്ച്​ ചൊവ്വാഴ്​ച രാത്രി 11 മണിയോടെയാണ്​ സംഭവം. ഇവരെ ഉടനെ തല​ശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും കാലിനും കൈകൾക്കുമായി മാരകമായ ഒമ്പതോളം വെ​ട്ടേറ്റ നൗഷാദിനെ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടുത്തുള്ള കടയിൽനിന്ന്​ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക്​ നടന്നുപോകുകയായിരുന്നു ഇരുവരും.

സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. നവംബര്‍ അവസാനവാരം വരെ വന്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന പ്രദേശം ശാന്തമാകുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. നേരത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് വിളിച്ചു ചേർത്ത സമാധാന യോഗം സിപിഎമ്മും ബിജെപിയും ബഹിഷ്കരിച്ചിരുന്നു.

തലശ്ശേരി ഡിവൈഎസ്‌പി പ്രിൻസ് എബ്രഹാം, പാനൂർ സിഐ വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്​ഥലത്ത്​ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ