തിരുവനന്തപുരം: സി പി ഐ  പാർട്ടി കോൺഗ്രസ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടത്താൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ഏപ്രിൽ അവസാനവാരത്തിലായിരിക്കും കോൺഗ്രസ് നടക്കുക. പാർട്ടിയുടെ  ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനാണ്  കൊല്ലം ജില്ല വേദിയാകുക.

സി പി ഐയുടെ പാർട്ടികോൺഗ്രസിനോടനുബന്ധിച്ചുളള സമ്മേളനങ്ങൾ സെപ്തംബറിൽ ആരംഭിക്കും. സെപ്തംബർ പത്ത് മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാൻ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.

പാർട്ടി സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ നടക്കും. മലപ്പുറത്ത് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുക. സി പി​ഐ യുടെ സംസ്ഥാന സമ്മേളനത്തിന്  ആദ്യമായാണ് മലപ്പുറം ജില്ല വേദിയാകുന്നത്. പാർട്ടി കോൺഗ്രസിന് കൊല്ലം വേദിയാകുന്നതും ഇതാദ്യമാണ്.  തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നീ ജില്ലകളിൽ​ വച്ചാണ് ഇതിന് മുമ്പ് സിപി ഐയുടെ പാർട്ടി കോൺഗ്രസ് കേരളത്തിൽ നടന്നിട്ടുപ്പോൾ വേദിയായിട്ടുളളത്. ജില്ലാ സമ്മേളനങ്ങൾ ജനുവരിയോടെ പൂർത്തിയാക്കും.

സി പി ഐയുടെ കേരളത്തിലെ ശക്തിയുളള​ പ്രദേശങ്ങളിലൊന്നാണ് കൊല്ലം ജില്ല. ദേശീയ തലത്തിൽ ഇടതുപക്ഷത്തിന് നേരിടുന്ന പ്രതിസന്ധികളും പൊതുവിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ഫാസിസത്തിനെതിരായ പോരാട്ടവുമെല്ലാം അതിനായുളള തന്ത്രങ്ങളുമെല്ലാം പാർട്ടികോൺഗ്രസിൽ ചർച്ചയാകുമെന്ന് സി പി ഐ നേതാക്കൾ സൂചിപ്പിച്ചു.

കെ. ആർ ചന്ദ്രമോഹൻ സംസ്ഥാന കൗൺസിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ