തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തിന് എതിരായ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ വിമര്‍ശനം സിപിഐയുടെ അഭിപ്രായമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇന്ത്യയില്‍ അത് പറയാന്‍ അര്‍ഹന്‍ അദ്ദേഹമാണ്. സിപിഎമ്മുമായി സിപിഐക്ക് അതിര്‍ത്തി തര്‍ക്കമൊന്നുമില്ല. ചില പ്രശ്നങ്ങളില്‍ തങ്ങളും അവരും അഭിപ്രായം പറയാറുണ്ട്. അതിനര്‍ത്ഥം കണ്ടാല്‍ മിണ്ടാതിരിക്കുക എന്നല്ല. സിപിഎമ്മുമായി നല്ല സൗഹൃദത്തിലാണ്.

നേരത്തെ ഡല്‍ഹിയില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണുന്ന സിപിഎം നേതാക്കളുടെ നടപടി അവസാനിപ്പിക്കണമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞിരുന്നു. തെറ്റുകണ്ടാല്‍ ഇനിയും പരസ്യമായി വിമര്‍ശിക്കും. ജനാധിപത്യ സമൂഹത്തിന് അപമാനകരമാാണ് നിലമ്പൂർ കാട്ടില്‍ നടന്ന മാവോയിസ്റ്റ് വേട്ടെയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമ്പോള്‍ സര്‍വീസ് സംഘടനകളുടെ ആശങ്ക ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച പരിപാടിയാണിത്. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ നീങ്ങുന്നില്ളെന്ന തരത്തിലുള്ള ഒരഭിപ്രായവും തിങ്കളാഴ്ചത്തെ എല്‍.ഡി.എഫ് യോഗത്തിലുണ്ടായില്ല.

ചലച്ചിത്ര നടിക്ക് എതിരായ അതിക്രമത്തിലെ ആശങ്ക രാഷ്ട്രീയത്തിന് അതീതമായി പൊതുസമൂഹത്തിന്റേതാണ്. അതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. പൊലീസിന്റെ ദിശ ശരിയാണോന്ന് സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ