തൃശ്ശൂർ: വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പൊലീസ് പിടിയിലായ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ചെയർമാൻ പി.കൃഷ്ണദാസിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. പാലക്കാട് ലക്കിടി ജവഹർ ലോ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയെ മർദ്ദിച്ച കേസിൽ ഇന്നലെയാണ് ഇയാളടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിൽ വിദ്യാർത്ഥി പരാതിയിൽ പറയാത്ത വകുപ്പുകൾ പൊലീസ് കൂട്ടിച്ചേർത്തു എന്ന് കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

വടക്കഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജിഷ്ണു പ്രണോയി മരിച്ച കേസിൽ പി.കൃഷ്ണദാസിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ആവശ്യപ്പെട്ട് കുടുംബം തിരുവനന്തപുരത്ത് സമരം തുടങ്ങിയതിന് പിന്നാലെയാണ് മറ്റൊരു കേസിൽ പൊലീസ് ഇയാളെ പിടികൂടിയത്. പാന്പാടി നെഹ്റു കോളേജിലെ ഇടിമുറിയിൽ ഇട്ടാണ് മർദ്ദനമേറ്റതെന്ന് ഷൗക്കത്തലി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ജിഷ്ണു പ്രണോയി മരിക്കുന്നതിന് മുൻപ് നടന്ന സംഭവമാണിത്. പഴയന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഫ്രാൻസിസ് ഷിബിലിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിൽ നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ്, അമിത പിഴ, വിദ്യാർത്ഥികളോട് കാട്ടുന്ന അക്രമം എന്നിവ സംബന്ധിച്ച് ഷൗക്കത്തലി നൽകിയ പരാതിയാണ് സംഭവത്തിന് കാരണമായി പറയപ്പെടുന്നത്. സർവ്വകലാശാല അധികൃതർ കൊളേജിൽ പരിശോധന നടത്തിയപ്പോഴാണ് കേസിന്റെ കാര്യം കോളേജ് അധികൃതർ അറിഞ്ഞത് തന്നെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ