തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരെ വി.ടി ബൽറാം നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കളും രംഗത്ത്. ബൽറാമിന്റെ പരാമർശം കോൺഗ്രസിന്റെ സംസ്ക്കാരത്തിന് യോജിച്ചതല്ലെന്ന് കെ. മുരളീധരൻ എം.എൽ.എ പ്രതികരിച്ചു. അതേസമയം ബൽറാമിന്റെ പ്രതികരണം മാന്യത ഇല്ലാത്തത് ആണെന്നും മാപ്പ് പറയണമെന്നും മഹിള കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.

വിടി ബൽറാമിന്റെ പരാമർശം ശരിയല്ലെന്നും ഇത് ദൗർഭാഗ്യകരമാണെന്നുമാണ് മുരളീധരന്റെ അഭിപ്രായം. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും ഉള്ളവരെ അത്തരത്തിൽ ചിത്രീകരിച്ചത് ശരിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ഒളിവിൽ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. സൈബ‍ർ ലോകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു. വി.ടി ബൽറാമിന്റെ എംഎൽഎ ഓഫീസ് ഇന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തിരുന്നു.

എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവ‌ർത്തിച്ച് ബൽറാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ആരോപണങ്ങൾ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎൽഎ വീണ്ടും പോസ്റ്റിട്ടത്. എകെജിയുടെ ആത്മകഥയിൽ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്.

ഒളിവിൽ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോൾ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബൽറാമിന്റെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ