തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. മരം വെച്ചുപിടിപ്പിക്കാനും, ജലം സംരക്ഷിക്കാനും, ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കാനും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് കത്തയച്ചത്.

“പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സമയത്തുതന്നെയാണ് സർക്കാർ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരുകോടി വൃക്ഷത്തൈകൾ നടുന്ന പരിപാടി നടത്തിയത്. ഏറെ ആവേശത്തോടെയും ആഹ്ലാദത്തോടെയും കൂടിയാണ് നമ്മുടെ കുട്ടികൾ ആ പരിപാടി ഏറ്റെടുത്തത്. കുട്ടികളോട് പറയുന്ന കാര്യങ്ങൾ അവർ വളരെ ആത്മാർത്ഥമായാണ് ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളോട് നേരിട്ട് സംവദിക്കുവാൻ ആലോചിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും കത്തയച്ചു. ആ കത്തും ഉള്ളടക്കവും ചുവടെ ചേർക്കുന്നു.
പ്രിയ കൂട്ടുകാരേ,

എത്ര സുന്ദരമാണ് നമ്മുടെ കേരളം! കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ഒക്കെച്ചേര്‍ന്ന് എത്ര മനോഹരം! പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നമ്മുടെ കേരളത്തെ കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയായിരിക്കും? അതിനായി നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. കൂടുതല്‍ പ്രാണവായുവും മഴയും ലഭിക്കും. ചൂട് കുറയും. ഓസോണ്‍ പാളിക്ക് സംരക്ഷണമാകും. പക്ഷികള്‍ക്ക് കൂടുകൂട്ടാന്‍ ഇടവുമാകും. പ്ലാസ്റ്റിക് ഉപയോഗം നമുക്ക് കുറയ്ക്കാം. കുപ്പികള്‍, കവറുകള്‍, പ്ലാസ്റ്റിക്‍ മാലിന്യങ്ങള്‍ തുടങ്ങിയവ നമുക്ക് വലിച്ചെറിയാതിരിക്കാം. അവ പ്രകൃതിക്ക് ദോഷം ചെയ്യും.

മറ്റ് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഇടാതിരിക്കുവാന്‍ ശ്രദ്ധിക്കാം. നമുക്ക് വൃത്തിയുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കാം. മലിനജലം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പടരാതെ നോക്കാം. നമുക്ക് വേണ്ട പച്ചക്കറികള്‍ നമുക്ക് തന്നെ വിളയിച്ച് തുടങ്ങാം. പരമാവധി ജൈവവളം ഉപയോഗിക്കാം. അങ്ങനെ, വിഷം കലര്‍ന്ന പച്ചക്കറിയില്‍ നിന്ന് മോചനം നേടാം.

നമ്മുടെ ആവശ്യങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം. അടുത്തത് ജലം സംരക്ഷിക്കലാണ്. ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതില്‍ മുന്‍കൈയെടുക്കാം. നാളത്തെ തലമുറയ്ക്കുവേണ്ടി ജലാശയങ്ങളെ നന്നായി പരിപാലിക്കാം. ജലം ഒരു തുള്ളിപോലും പാഴാക്കില്ല എന്ന ഉറച്ച തീരുമാനമെടുക്കാം. ഒപ്പം, നല്ല ശീലങ്ങളിലൂടെ നല്ല പൗരരായി വളരാം. നാടിന് വെളിച്ചവും മാതൃകയും ആകാം.
പുതിയൊരു കേരളം സൃഷ്ടിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളൂം പേരും സ്കൂള്‍ വിലാസവും സഹിതം എന്നെ എഴുതി അറിയിക്കുമല്ലോ.
സ്നേഹപൂര്‍വം,

നിങ്ങളുടെ പിണറായി വിജയന്‍”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ