ചേർത്തല: ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ മൽസരിക്കുമെന്ന് പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു. സംഘടനയുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് മൽസരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യായമായ ആവശ്യങ്ങൾക്കായി കഴിഞ്ഞ ആറ് മാസമായി ചേർത്തല കെവിഎം ​ആശുപത്രിയിൽ നടക്കുന്ന സമരം ഒത്തു തീർപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് മൽസരിക്കാൻ​ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ ഏഴ് മണി മുതൽ ചേർത്തല കെവിഎം ആശുപത്രിയിലെ വിഷയം ഉന്നയിച്ച് നിരാഹാരം കിടക്കുന്ന സുജന പാലിന് പിന്തുണ പ്രഖ്യാപിച്ച് നഴ്‌സുമാരുടെ 24 മണിക്കൂർ സമരം തുടരുകയാണ്. ഇന്ന് രാവിലെ ഏഴ് മണിമുതൽ നാളെ രാവിലെ ഏഴ് മണിവരെയാണ് സമരം. അരലക്ഷത്തോളം നഴ്‌സുമാരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 24 മണിക്കൂർ സമരത്തിൽ പങ്കെടുക്കുന്നത്.

സ്വകാര്യ, സഹകരണ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുളള നഴ്‌സുമാരാണ്​ സമരത്തിൽ​ പങ്കെടുക്കാനെത്തിയത്. നഴ്സുമാരുടെ സമരം കാരണം ഈ​ഭാഗത്ത് കടുത്ത ഗതാഗത തടസ്സം ഉണ്ടായി. ഇന്ന് വൈകുന്നേരത്തോടെ സമരം തീർത്തില്ലെങ്കിൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും യുഎൻ​എ അറിയിച്ചു. ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെണമെന്നും യുഎൻ​​എ ആവശ്യപ്പെട്ടു.

ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്‍പില്‍ ദേശീയപാത ഉപരോധിച്ച നഴ്സുമാര്‍ക്ക് നേരെ ഞായറാഴ്ച ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ 24 മണിക്കൂർ സമരം. ഇതേസമയം നഴ്സുമാരുടെ സമരത്തിനെതിരെ തിരുവനന്തപുരത്തെ ഒരു സംഘടന ഹൈക്കോടതിയെ സമീപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ