ചവറ (കൊല്ലം): മകന്റെ ബിസിനസിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ചവറ എംഎൽഎ വിജയൻപിളള. ഇപ്പോൾ പുറത്തുവരുന്നതുപോലുള സാമ്പത്തിക ഇടപാടുകൾ തനിക്കില്ലെന്ന് മകൻ ശ്രീജിത്ത് പറഞ്ഞിരുന്നു. മകൻ കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടണം. എംഎൽഎ ആയതുകൊണ്ട് മനഃപൂർവ്വം തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നതായും വിജയൻപിളള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിവാദത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടാകാം. മകന്റെ ബിസിനസ്സ് എന്താണെന്ന് തിരക്കിയിട്ടില്ല. മകൻ പണം നൽകാനുണ്ടെന്ന് പരാതിക്കാരനായ രാഹുൽ കൃഷ്ണ അറിയിച്ചിരുന്നു. ഇക്കാര്യം മകനോട് ചോദിച്ചപ്പോൾ, അച്ഛൻ ഇടപെടേണ്ടെന്ന് മകൻ പറഞ്ഞു. രാഹുൽ കൃഷ്ണ 17 തവണ കാണാൻ വന്നിട്ടില്ലെന്നും താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും വിജയൻപിളള പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്ന സമയത്താണ് എംഎൽഎ വിജയൻപിളളയുടെ മകനെതിരെയും ആരോപണം ഉയർന്നത്. വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജീത്ത് 11 കോടി രൂപ വാങ്ങി മുങ്ങിയെന്നാണ് ദുബായ് കമ്പനിയായ ജാസ് ടൂറിസത്തിന്‍റെ പാര്‍ട്ണറായ മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണയുടെ പരാതി. ടൂറിസം കമ്പനിയിൽനിന്ന് പലപ്പോഴായി 11 കോടി രൂപ വാങ്ങി. 11 കോടിയുടെ ചെക്ക് ശ്രീജിത്ത് ദുബായ് ബാങ്കിൽ സമർപ്പിച്ചുവെങ്കിലും മടങ്ങി. ഈ കേസിൽ ദുബായ് കോടതി ശ്രീജിത്തിനെ 2 വർഷം തടവിന് ശിക്ഷിച്ചെങ്കിലും വിധി വരുന്നതിനു മുൻപ് ശ്രീജിത്ത് നാട്ടിലേക്ക് കടന്നുവെന്നാണ് പരാതി.

അതിനിടെ, രാഹുൽ കൃഷ്ണയുടെ പരാതിയിൽ ശ്രീജിത്തിനെതിരെ ചവറ പൊലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ