തിരുവനന്തപുരം: ഓണ്‍ലൈൻ കൊലയാളി ഗെയിം ആയ ബ്ലൂവെയിൽ നിരോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമസഭയിൽ രാജു എബ്രഹാം എംഎൽഎയാണ് വിഷയം ഉന്നയിച്ചത്.

കേരളത്തിൽ രണ്ടായിരത്തോളം പേർ ഗെയിം ഉപയോഗിക്കുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടുനിന്നു നാലു കുട്ടികൾ ചാവക്കാട് കടൽ കാണാൻ പോയ സംഭവം ഗെയിമിന്‍റെ സ്വാധീനം മൂലമാണെന്നും സംശയിക്കുന്നു. ഗെയിം ഉപയോഗിക്കുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണെന്നും അപകടകാരിയായ ഗെയിമിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗെയിം സംസ്ഥാനത്തു പ്രചരിക്കുന്നത് ഓൺലൈൻ സൈറ്റുകളിൽ പരസ്യംനൽകുന്ന ഏജൻസികളാണു കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടു. രക്ഷിതാക്കൾക്കു ജാഗ്രതാ നിർദേശവും നൽകി. കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിം ഒട്ടേറെ രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 530 പേർ ഇത്തരത്തിൽ ജീവനൊടുക്കിയെന്നാണു റിപ്പോർട്ട്. മുംബൈയിൽ കഴിഞ്ഞദിവസം കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കിയ പതിനാലുകാരൻ മൻപ്രീത് സിങ് സഹാനി ഈ ഓൺലൈൻ കളിയുടെ ഇരയാണെന്നു പൊലീസ് സംശയിക്കുന്നു.

ഗെയിം കളിച്ച് മുംബൈയില്‍ 14 വയസുള്ള ആണ്‍കുട്ടി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. മുംബൈ അന്ധേരിയില്‍ താമസിക്കുന്ന കുട്ടിയാണ് കഴിഞ്ഞ ദിവസം ഏഴുനിലക്കെട്ടിടത്തിന്റെ ടെറസില്‍നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഗെയിമിന്റെ ആദ്യഘട്ടം തുടങ്ങുന്നത് ശരീരത്തില്‍ മുറിവേല്‍പിക്കുന്ന വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തുകൊണ്ടാണ്. അന്‍പതാം ഘട്ടം കെട്ടിടത്തിനുമുകളില്‍നിന്നും ചാടി സ്വയം ജീവനൊടുക്കുക എന്നതാണ്. ഈ ഗെയിം കളിച്ച് ലോകത്ത് 200ലധികം പേര്‍ ഇതുവരെ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മരിച്ച വിദ്യാര്‍ഥി സുഹൃത്തുക്കളുമായി സമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ ചാറ്റുകളില്‍ നിന്നാണ് ആത്മഹത്യ ചെയ്യാന്‍ കാരണം ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിമാണ് എന്ന് സൂചന ലഭിച്ചത്.

ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ കൊലയാളി ഗെയിം കളിച്ചാണ് ഈ ആത്മഹത്യയെന്ന ഞെട്ടിക്കുന്ന വിവരമാണ് മുംബൈ പൊലീസ് വൃത്തങ്ങളില്‍നിന്നും മനസിലാക്കാനായത്. ഇന്ത്യയിലെ ആദ്യ ബ്ലൂവെയില്‍ ആത്മഹത്യയാണ് അന്ധേരിയിലേത് എന്നാണ് പുറത്തുവരുന്ന വിവരം. പൊലീസ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കളിച്ചു തുടങ്ങുന്ന കൗമാരക്കാരെ ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്ന അപകടകാരിയായ ഒരു സൈക്കോളജിക്കല്‍ ഗെയിമാണ് ബ്ലൂവെയില്‍. പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ഈ ഗെയിം ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ