തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേർക്ക് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ആറ് കാറുകൾ തകർന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഓഫീസിലിരിക്കെയാണ് പുറത്ത് സംഘർഷം ഉണ്ടായത്. ഇവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും മർദ്ദനമേറ്റു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐപി ബിനു, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുൾപ്പെട്ട ഏഴംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിന് നേർക്കും ആക്രമണം ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ട കാറുകൾ അടിച്ചുതകർത്തിട്ടുണ്ട്.

മൂന്നു ബൈക്കുകളിലായാണ് അക്രമികൾ എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ ഓഫീസിനു നേരെ അക്രമികൾ കല്ലെറിയുകയും ചെയ്തു. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ, കന്‍റോൺമെന്‍റ് അസി കമ്മീഷണർ കെ.ഇ.ബൈജു എന്നിവര്‍ സ്ഥലത്തെത്തി.

രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ഈ സമയം ഓഫീസിനു മുന്നിൽ മ്യൂസിയം എസ്ഐ അടക്കം 5 പേർ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികൾ എത്തിയ ഉടനെ ബിജെപി ഓഫീസിന്റെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

അക്രമികൾ വന്ന ബൈക്കിന്‍റെ നമ്പർ ശേഖരിക്കാൻ ശ്രമിച്ച പൊലീസുകാരനെ അക്രമി സംഘം കൈയ്യേറ്റം ചെയ്തു. ഇദ്ദേഹം ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ