തിരുവനന്തപുരം: തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനെതിരേ ആക്രമണം നടത്തിയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ പിടിയിലായി. ഇവരിൽ കോർപ്പറേഷൻ കൗണ്‍സിലർ ഐ.പി.ബിനു, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണ എന്നിവരുമുണ്ട്. ബിജെപി ഓഫീസ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇവരെ യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് സെന്‍ററിന് സമീപത്തു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഇതിന് നേതൃത്വം നല്‍കിയത് ഐപി ബിനുവാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ബിജെപിയുടെ പാര്‍ട്ടി ഓഫിസിനുനേരെ ആക്രമണം നടത്തിയവരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം പൊലീസ് അറിയിക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ ബിനുവിനെയും പ്രജിന്‍സാജ് കൃഷ്ണയെയും വ്യക്തമായി കാണാം.

തലസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചുവിടുന്നത് ബിജെപിയുടെ അഴിമതി കഥകൾ മറച്ചുവെക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. അക്രമം ആസൂത്രണം ചെയ്തത് ബിജെപിയിലെ ഉന്നത നേതാക്കളാണ്. ഉന്നത സിപിഎം നേതാക്കളെ ആക്രമിക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

അതേസമയം, സിപിഎം-ബിജെപി സംഘർഷം രൂക്ഷമായ തിരുവനന്തപുരത്ത് പൊലീസുകാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇതേ തുടർന്ന് പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ കർശനമാക്കി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ സിപിഎം സംസ്ഥാന മന്ദിരമായ എകെജി സെന്ററിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേർക്ക് പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. പിന്നീട് മൂന്നരയോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിന് നേർക്കും ആക്രമണം ഉണ്ടായി.

ഇന്ന് പുലർച്ചെ ബിജെപി ഓഫീസിന് നേർക്ക് ആക്രമണം നടക്കുബോൾ അഞ്ച് പൊലീസുകാർ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന് മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

അക്രമത്തിന്റെ തുടക്കം ബിജെപിയുടെ ആസൂത്രിത നീക്കത്തോടെയാണെന്ന് വിശദീകരിച്ച് രംഗത്ത് വന്ന കോടിയേരി ബാലകൃഷ്ണൻ, ബിനീഷിനെയല്ല തന്നെയാണ് ലക്ഷ്യമിട്ടതെന്നും ആരോപിച്ചിരുന്നു. സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ കണ്ണൂർ ജില്ലയിലെ സിപിഎം ജില്ല കമ്മിറ്റി ഓഫീസിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ബിജെപി-സിപിഎം സംഘർഷം നിലനിൽക്കുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ