തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെയുള്ള കോഴ വാർത്തകൾ ഊഹാപോഹമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോഴ ആരോപണവുമായി ആർക്കെങ്കിലും ബന്ധമുണ്ടെന്നു കണ്ടാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും എന്നും തുടർ നടപടികൾ ഉചിതമായ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും കുമ്മനം പറഞ്ഞു. പാർട്ടി നേതാക്കൾക്ക് ഇതിൽ പങ്കെടുണ്ടെന്ന് കണ്ടെത്തിയാൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വർക്കലയിലുള്ള എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജി മൊഴി നൽകിയിരിക്കുന്നത്.

പണം നൽകിയതായി ആർ.ഷാജിയും പണം സ്വീകരിച്ചതായി ബിജെപി സഹകരണസെൽ കൺവീനർ ആർ.എസ്.വിനോദും തെളിവെടുപ്പിൽ സമ്മതിച്ചിട്ടുണ്ട്. പണം നൽകിയശേഷം ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ഷാജി ബിജെപി നേതൃത്വത്തിനു പരാതി നൽകിയതാണ് അന്വേഷണത്തിനു വഴിവച്ചത്. ഈ അന്വേഷണ റിപ്പോർട്ടാണ് ചോർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ