പയ്യന്നൂർ: സിപിഎം നേതാക്കളെ പരസ്യമായി ആക്രമിക്കുമെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത്. പയ്യന്നൂരിൽ ബിജെപി സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

“ആർഎസ്എസ് നേതൃത്വം അനുവദിച്ചാൽ കേരളത്തിലെ അമ്മമാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കും”, ശോഭ സുരേന്ദ്രൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. “കേരളത്തിൽ ബിജെപിയുടെ പ്രവർത്തനം ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇന്ത്യയിലെ പതിനെട്ട് സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയാണ്. അവിടെയെല്ലാമുള്ള സിപിഎം പ്രവർത്തകർ ബിജെപിയുടെ ഔദാര്യത്തിലാണ് കഴിയുന്നതെന്ന് മറക്കരുത്” ശോഭ സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂരിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. ഇരുവരുടെയും തണലിലാണ് സിപിഎം കണ്ണൂരിൽ അക്രമം അഴിച്ചുവിടുന്നതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഡൽഹിയിൽ ഇറങ്ങിനടക്കുന്നത് ഞങ്ങളുടെ ഔദാര്യത്തിലാണെന്നും ശോഭ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ