തിരുവന്തപുരം:ഐഐറ്റി മദ്രാസില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളിയായ PhD വിദ്യാര്‍ത്ഥിയെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൂരജ് എന്ന ഏയ്‌റോസ്പേസ് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബീഫ് കഴിച്ചുവെന്നതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണ് തല്ലിപ്പൊളിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഏത് ഭക്ഷണം കഴിക്കുവാനുമുളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിച്ച് തന്നിട്ടുണ്ട്. അതിനെ അസഹിഷ്ണുതയോടെ കാണുന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ച് തന്നിട്ടുളള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനത്തിനെതിരെ കഴിഞ്ഞദിവസം രാത്രിയാണ് ഐഐടി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവപ്രവര്‍ത്തകനായ സൂരജ് സമരത്തില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും ചെയ്തു. ബീഫ് ഫെസ്റ്റ് നടത്തിയതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഐഐറ്റി മദ്രാസില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ സൂരജ് എന്ന ഏയ്‌റോസ്പേസ് എഞ്ചിനീയറിങ്ങ് PhD വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത് അപലപനീയമാണ്. ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണ് തല്ലിപ്പൊളിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഏത് ഭക്ഷണം കഴിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിച്ചു തന്നിട്ടുണ്ട്. അതിനെ അസഹിഷ്ണുതയോടെ കാണുന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മൗലികാവശങ്ങളുടെ ലംഘനമാണ്. മലയാളിയായി സൂരജിന് നേരിട്ട അക്രമത്തിന് മേല്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കും.
#BeefBan

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ