തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം തുടരുകയാണെന്നും തെളിവായി ലഭിച്ചിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഫോൺ സംഭാഷണങ്ങൾ സംബന്ധിച്ചുള്ള ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാകുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

എന്നാൽ ഫോണ്‍ സംഭാഷണങ്ങൾ മാത്രം തെളിവായി ശേഖരിച്ചാൽ പോരെന്നും ശക്തമായ തെളിവുകൾ വിജിലൻസ് കണ്ടെത്തണമെന്നും കോടതി നിരീക്ഷിച്ചു. ഫോണ്‍ സംഭാഷണം മാത്രം ഉപയോഗിച്ച് അഴിമതി നിരോധന നിയമപ്രകാരം എങ്ങനെ കേസെടുക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. തനിക്കെതിരേ റജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമർപ്പിച്ച ഹർജി പരിഗണനയ്ക്ക് വന്നപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ബാർ കോഴക്കേസിൽ ഉടൻ തന്നെ അന്വേഷണം പൂർത്തിയാക്കണമെന്നും അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം ഉടൻ പൂർത്തിയാക്കാൻ സർക്കാർ സമയപരിധി നിശ്ചയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ