കീഴൂര് (കണ്ണൂർ): പറയുന്നതല്ല നമ്മുടെ ആളുകൾ കേൾക്കുന്നത് എന്നതുകൊണ്ടാണ് വിവാദങ്ങളുണ്ടാകുന്നതെന്ന് മന്ത്രി എം എം മണി. അതിരപ്പിളളി പദ്ധതി അഭിപ്രായയ സമന്വയം ഉണ്ടെങ്കിലേ നടപ്പാക്കൂവെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. ഇരിക്കൂർ, പേരാവൂർ നിയോജകമണ്ഡലങ്ങളുടെ സമ്പൂർണ വൈദ്യൂികരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അതിരപ്പിളളി പദ്ധതി സംബന്ധിച്ച് സർക്കാർ നിലപാടിനോട് മുന്നണിക്കുളളിലും പുറത്ത് എതിർപ്പ് വ്യാപകമാകുന്നതിനിടെയാണ് മന്ത്രി മുൻ അഭിപ്രായത്തിൽ നിന്നും മാറുന്നത്.
“അതിരപ്പിളളിയുടെ കാര്യത്തിൽ പഠിച്ച് വേണ്ടത് ചെയ്യുമെന്നാണ് ഞാൻ പറഞ്ഞത്. അതിരപ്പിളളി വൈദ്യുതി പദ്ധതി കർശനമായി നടപ്പാക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അഭിപ്രായ സമന്വയം ഉണ്ടായാൽ നടപ്പാക്കുമെന്നാണ് പറഞ്ഞത്. അപ്പോഴേ തുടങ്ങി പിടയ്ക്കൽ, അറുക്കുമ്പോഴല്ലേ പിടയ്ക്കൽ ആവശ്യമുളളൂ. ഈ സൂക്കേട് നമ്മുക്ക് മാത്രമേ ഉളളൂ”

Read More:അതിരപ്പിളളിക്ക് കത്തിവയ്ക്കണ്ട; ബദലുണ്ടെന്ന് എൻ ടി പി സി, അനക്കമില്ലാതെ സർക്കാർ
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ​ ഏകദേശം ഏഴ് കിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരമുള്ള അണക്കെട്ട് നിർമിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന 936 കോടി രൂപയുടേതാണ് വൈദ്യുതിബോർഡിന്റെ പദ്ധതി.
തിരഞ്ഞെടുപ്പിന് മുമ്പ് സി പി എമ്മും അധികാരത്തിൽ വന്നശേഷം കഴിഞ്ഞ നിയമസഭ സമ്മേളനത്തിനിടിയൽ മന്ത്രിയും അതിരപ്പിളളി പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ആദ്യ പ്രഖ്യാപനം വന്നപ്പോൾ തന്നെ ഘടകകക്ഷിയായ സി പി ഐയും കേരളത്തിലെയും ഇന്ത്യയിലെയും വിവിധ പരിസ്ഥിതി സംഘടനകളും തദ്ദേശജനവിഭാഗ ആക്ടിവിസ്റ്റുകളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. അപൂർവ ജൈവവൈവിധ്യമുളള സ്ഥലമാണ് അതിരപ്പിളളിയെന്നും അതിനെ നശിപ്പിക്കുന്നതിനെതിരെയും ക്യാംപെയിനുകൾ വീണ്ടും ശക്തമായി.

Read More: അതിരപ്പിളളി പദ്ധതി: സാമാന്യബുദ്ധിക്കു നേരെ സർക്കാർ കൊഞ്ഞനം കുത്തുന്നു

സർക്കാരും മന്ത്രിയും നേരത്തെ അതിരപ്പിളളി പദ്ധതി നടപ്പാക്കുമെന്ന തരത്തിലുളള നിലപാട് ആവർത്തിച്ചു കൊണ്ടിരുന്നു. എന്നാൽ സിപി ഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസവും അതിരപ്പിളളി സംബന്ധിച്ച സി പി ഐ യുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ തന്നെ എൽ ഡി എഫിന്റെ നയമല്ല അതിരപ്പിളളിയെന്നും അത് സർക്കാരിന്റെ അഭിപ്രായമായിരിക്കാമെന്നും എൽ ഡി എഫിന്റെ മാനിഫെസ്റ്റോയിൽ അതിരപ്പിളളിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏതാനും ദിവസം മുന്പ് അതിരപ്പിളളിയുടെ നാലിലൊന്ന് ചിലവിൽ 230 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപിക്കാമെന്ന് കാണിച്ച് കായംകുളം താപനിലയം സൗരോർജ്ജ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എൻ ടി പി സിയുടെ ഈ പദ്ധതിയോട് സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിരപ്പിളളി സംബന്ധിച്ച് മുന്നണിക്കുളളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രി മണി നിലപാട് മാറ്റി പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ