കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ മുന്‍പരിചയമുണ്ടെന്ന് ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണിയുടെ മൊഴി. സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പരിചയമുണ്ടെന്നും അപ്പുണ്ണി മൊഴി നല്‍കി. സുനിൽ ജയിലിൽ നിന്ന് വിളിച്ചപ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു‌വെന്നും അയാൾ പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ല. ഇവര്‍ കൂടിക്കാഴ്ച നടത്തിയതായും അറിയില്ലെന്നും അപ്പുണ്ണി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി.

സുനിലിനെ പരിചയമില്ലാത്ത ഭാവത്തിൽ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും കത്തിനെക്കുറിച്ച് സംസാരിക്കാൻ ഏലൂർ ടാക്സി സ്റ്റാൻഡിൽ പോയിരുന്നുവെന്നും വെലിപ്പെടുത്തിയ അപ്പുണ്ണി കേസിലെ ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി. അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് വിവരങ്ങൾ.

ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ഇത്. ആറുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയിൽനിന്ന് മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.

മുഖ്യപ്രതിയായ പൾസർ സുനി കുറ്റകൃത്യത്തിനു മുൻപു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റിമാൻഡിൽ കഴിയുന്ന സുനിൽ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ദിലീപിനു കൈമാറാൻ ജയിലിനുള്ളിൽ സുനിൽ ഏൽപിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാരൻ വിഷ്ണു അയച്ചതും ഇയാൾക്കാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ