കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് പിടിയിലായതോടെ തന്നെ ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി അൻവർ സാദത്ത് എംഎൽഎ. ദിലീപുമായി സൗഹൃമുണ്ടെന്നും എന്നാൽ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും അൻവർ സാദത്ത് എംഎൽഎ വ്യക്തമാക്കി.

” കേസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയാണോയെന്ന് ദിലീപിനോട് ചോദിച്ചിരുന്നു. താൻ നിരപരാധിയാണെന്നാണ് ദിലീപ് പറഞ്ഞത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടണമെന്നാണ് തന്റെയും ആഗ്രഹം. നടിക്കൊപ്പമാണ് താൻ. ദിലീപുമായി വർഷങ്ങളായുള്ള സൗഹൃദമുണ്ട്. എന്നാൽ തനിക്ക് യാതൊരു വിധത്തിലും സഹായിക്കാനാവില്ലെന്ന് ദിലീപിനറിയാം. വഴിവിട്ടൊന്നും ചെയ്തിട്ടില്ല. ഏതന്വേഷണവുമായും സഹകരിക്കും” എന്നും അൻവർ സാദത്ത് വിശദീകരിച്ചു.

“ഞാനും ദിലീപുമായി വർഷങ്ങളുടെ ബന്ധമാണുള്ളത്. അടുത്ത സുഹൃത്താണ്. പലപ്പോഴും ഞാൻ ചോദിച്ചപ്പോൾ തനിക്ക് ഈ കാര്യവുമായി ബന്ധമില്ലെന്ന് ദിലീപ് പറഞ്ഞു. ആരോപണം ഉയർന്ന സാഹചര്യത്തിൽ ഞാൻ ദിലീപിനെ വീട്ടിൽ പോയി കണ്ടിരുന്നു. അന്ന് ഒളിച്ചും പതുങ്ങിയുമല്ല പോയത്. ദിലീപ് പറഞ്ഞ കാര്യങ്ങൾ അന്ന് തന്നെ മാധ്യമസുഹൃത്തുക്കളെ അറിയിച്ചിരുന്നു.” എംഎൽഎ വിശദീകരിച്ചു.

“ദിലീപ് എന്റെ വളരെ അടുത്ത സുഹൃത്താണ്. എന്നെ അറിയുന്ന ആർക്കും ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഞങ്ങൾ പലപ്പോഴായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. എന്നോട് ദിലീപ് സഹായം ആവശ്യപ്പെട്ടിട്ടില്ല. ആ നിലയ്ക്ക് ഞാനൊന്നും ചെയ്തുകൊടുത്തിട്ടുമില്ല”, അൻവർ സാദത്ത് വ്യക്തമാക്കി.

“ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒപ്പമാണ് താനിപ്പോൾ. ആ കാര്യത്തിൽ യാതൊരു തർക്കവും ഇല്ല. ഒരു നടിക്കെന്നല്ല, ഒരൊറ്റ സ്ത്രീക്കും ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ വിദേശത്തായിരുന്നു. ഇതുവരെ പൊലീസ് എന്നെ ചോദ്യം ചെയ്യാനുള്ള തീരുമാനം അറിയിച്ചിട്ടില്ല”, എന്നും അൻവർ സാദത്ത് പറഞ്ഞു.

“ഇടതുപക്ഷത്തെ എംഎൽഎ മാർക്കെതിരെ ആരോപണം നിലനിൽക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ബാലൻസ് ചെയ്യാനായി കേസിലേക്ക് തന്റെ പേരുകൂടി വലിച്ചിഴക്കുന്നതാണോയെന്ന് ഞാൻ സംശയിക്കുന്നു. കാരണം ദിലീപിന് വിളിക്കുന്ന എത്രയോ സുഹൃത്തുക്കളുണ്ട്, കാണുന്നവരുണ്ട്? എനിക്ക് മാത്രം എന്താണ് പ്രത്യേകത?”.

“താനും ദിലീപും തമ്മിൽ റിയൽ എസ്റ്റേറ്റ് ബന്ധമില്ല. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം ഗൾഫിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപിനെ വിളിച്ചത്. അന്ന് ഈ കാര്യവും സംസാരിച്ചാണ് ഫോൺ കട്ട് ചെയ്തത്”, അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ തനിക്കെതിരെ പരാതി നൽകിയത് പോലെ ഇന്നസെന്റ് എംപിയ്ക്ക് എതിരെയും മുകേഷ് എംഎൽഎയ്ക്ക് എതിരെയും പരാതി നൽകാമായിരുന്നു. നൽകിയില്ല. “അന്വേഷണം ശരിയായ ദിശയിലാണെന്നാണ് എന്റെ വിശ്വാസം. ഞാൻ മറ്റ് ജനങ്ങളെ പോലെ ആക്രമിക്കപ്പെട്ട പെൺകുട്ടിയ്ക്ക് ഒപ്പവുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ