ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട രാജീവ് അഭിഭാഷകന്‍ സിപി ഉദയഭാനുവില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെന്ന് സുഹൃത്തുക്കള്‍. എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കില്‍ നെടുമ്പാശ്ശേരി പൊലീസിനെ സമീപിക്കാമെന്ന് ഹൈക്കോടതി രാജീവിന് നിര്‍ദേശം നല്‍കിയിരുന്നു.

ഉദയഭാനുവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാജീവ് മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലക്കാട് ജില്ലയിലെ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് രാജീവും സിപി ഉദയഭാനുവും തമ്മില്‍ ബന്ധപ്പെട്ടിരുന്നു. ഭൂമി വില്‍പ്പനയ്ക്ക് കരാര്‍ എഴുതിയിരുന്നെങ്കിലും പിന്നീട് യഥാര്‍ത്ഥ്യമായില്ല. ഇതിന്റെ പേരില്‍ സിപി ഉദയഭാനു ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് രാജീവ് ഹൈക്കോടതിയെ സമീപിച്ചത്.

പണം വാങ്ങിയതിനു ശേഷം രാജീവ് തന്നെ വഞ്ചിച്ചുവെന്ന് കാണിച്ച് ആലുവ റൂറല്‍ എസ്പിയ്ക്ക് താന്‍ പരാതി നല്‍കിയിരുന്നുവെന്നും ഇതില്‍ നിന്ന് ഒഴിവാകുന്നതിന്റെ ഭാഗമായാണ് രാജീവ് തനിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതെന്ന് അഡ്വ സിപി ഉദയഭാനു വിശദീകരണം നല്‍കി.

വെള്ളിയാഴ്ച്ച കേസുമായി ബന്ധപ്പെട്ട മൂന്ന് പേരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് ഗുണ്ടകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

വെള്ളിയാഴ്ച്ചയാണ് എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. രാജീവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് ഇന്നലെ സൂചനകള്‍ ലഭിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു.

എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പി-സിഎസ് ഷാഹുല്‍ ഹമീദ്, സിഐ വിസ് ഷാജു, എസ്ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വോഷണം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ