കൊച്ചി: ഭൂമി വിവാദത്തിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ തുടരുന്ന എറണാകുളം-അങ്കമാലി അതിരൂപതയില്‍ കര്‍ദിനാളിനെ പരോക്ഷമായി വിമര്‍ശിച്ച് വീണ്ടും സഭാ പ്രസിദ്ധീകരണമായ സത്യദീപം.

സത്യദീപം വാരികയുടെ ജനുവരി 26 നു പുറത്തിറങ്ങിയ ലക്കത്തിലാണ് ഭൂമി വില്‍പ്പനയുടെ പേരില്‍ കര്‍ദിനാളിനെതിരേ ഒളിയമ്പെയ്യുന്നത്. ഡോ. ഇഗ്നേഷ്യസ് പയ്യപ്പള്ളി എഴുതിയ സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടു വിചാരം എന്ന ലേഖനത്തിലാണ് സഭയുടെ ഇത്രയും നീണ്ട കാലത്തെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യത എങ്ങിനെയായിരുന്നുവെന്നതിനെപ്പറ്റി വ്യക്തമായി പറഞ്ഞുവയ്ക്കുന്നത്. സാമ്പത്തിക ക്രമക്കേടു നടത്തുന്നവര്‍ പദവിയില്‍ തുടരാന്‍ യോഗ്യരല്ലെന്നു പറയുന്ന ലേഖനം മുന്‍കാലങ്ങളില്‍ സഭാ സ്വത്തുക്കളുടെ കൈമാറ്റത്തില്‍ നഷ്ടമുണ്ടാക്കിയതിന്റെ പേരില്‍ സ്വന്തം കുടുംബ സ്വത്തു തന്നെ സഭയ്ക്കു തിരിച്ച് എഴുതി നല്‍കി മാതൃക കാട്ടിയിട്ടുണ്ടെന്നും പറുന്നു.

നിലവില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന വിവാദവുമായി ബന്ധപ്പെട്ടു പ്രതിക്കൂട്ടിലായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പരോക്ഷമായി ഒളിയമ്പെയ്യുന്ന തരത്തിലാണ് ലേഖനത്തിലെ കണ്ടെത്തലുകളില്‍ ഭൂരിഭാഗവുമെന്നതാണ് ശ്രദ്ധേയം. ‘ സുറിയാനി ക്രൈസ്തവന്റെ പാരമ്പര്യം സത്യസന്ധതയുടെയും കുലീനതയുടെയും സുതാര്യതയുടെയും മുഖമുദ്രയുടേതുമായിരുന്നു എന്നത് വ്യക്തം. ഈ സ്വഭാവ സവിശേഷതകളായിരുന്നു ക്രൈസ്തവന് സമൂഹത്തില്‍ ഉന്നത സ്ഥാനം നേടിക്കൊടുത്തത്. ധാര്‍മികമൂല്യങ്ങളില്‍ അധിഷ്ടിതമായ ക്രൈസ്തവന്റെ ജീവിതം അക്രൈസ്തവര്‍ക്കു മാതൃകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ സമൂഹത്തില്‍ ധാര്‍മികതയുടെയും സത്യസന്ധതയുടെയും മാതൃകകളായി കരുതപ്പെട്ടു. ആകയാല്‍ ക്രൈസ്തവ സമൂഹത്തിന് നേതൃത്വം നല്‍കിയവര്‍ സഭാ പിതാക്കന്‍മാരും വൈദികരും ഈ സത്യസന്ധതയുടെയും ധാര്‍മിക മൂല്യങ്ങളുടെയും കാവലാളായി കരുതപ്പെടുകയും ചെയ്തു’ ലേഖനം ചൂണ്ടിക്കാട്ടുന്നു.

‘ശ്ലൈഹിക പാരമ്പര്യം അവകാശപ്പെടുന്ന സഭയാണ് ഭാരത കത്തോലിക്കാ സഭ. ഈ ശ്ലൈഹിക പാരമ്പര്യം നമുക്ക് പകര്‍ന്നു തരുന്ന നാലു പ്രധാന മൂല്യങ്ങളാണ് വിശ്വാസം, സുവിശേഷം, ധാര്‍മികത, പാരമ്പര്യം എന്നിവ. ധാര്‍മികതയിലും സുവിശേഷത്തിലും അധിഷ്ടിതമായ ക്രൈസ്തവ പാരമ്പര്യത്തെ വളരെ ഇടുങ്ങിയ അര്‍ഥത്തില്‍ വ്യാഖ്യാനിച്ച് കേവലം ആരാധനാക്രമത്തിലും ആചാരാനുഷ്ടാനങ്ങളിലും മാത്രമായി തളച്ചിടാന്‍ ആധുനിക തലമുറയും നേതാക്കന്‍മാരും നടത്തുന്ന ശ്രമങ്ങള്‍ ക്രൈസ്തവ പാരമ്പര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രവൃത്തിയാണ്. വിശാലമായ അര്‍ഥത്തിലാണ് ക്രൈസ്തവ പാരമ്പര്യത്തെ കാണേണ്ടതും വ്യാഖ്യാനിക്കേണ്ടതും. അങ്ങനെയെങ്കില്‍ ക്രൈസ്തവന്റെ മുഖമുദ്രയും യഥാര്‍ഥ പാരമ്പര്യവുമായ സത്യസന്ധതയും ലാളിത്യവും കുലീനതയും സുതാര്യയും ഏറ്റവും നിസാര കാാര്യങ്ങളില്‍പ്പോലും പ്രകടിപ്പിക്കാനും ജീവിക്കാനും ക്രൈസ്തവന്‍ കടപ്പെട്ടിരിക്കുന്നു. ആത്മീയതയുടെ മൂടുപടണിഞ്ഞ് സഭാതനയന്‍ ചെയ്യുന്ന പ്രവൃത്തികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിക്കുന്നത് ആത്മീയ ലൗകികത എന്നാണ്.’ ലേഖനം പറയുന്നു.

വിരുദ്ധമായ പെരുമാറ്റം സഭാതനയരില്‍ നിന്നോ നേതാക്കന്‍മാരില്‍ നിന്നോ സംഭവിച്ചാല്‍ സഭാ നേതൃത്വം അതിനെ വളരെ ഗൗരവത്തോടെയാമ് വീക്ഷിച്ചിരുന്നത്. സുതാര്യതയ്ക്ക് വിരുദ്ധമാവിധം പ്രവര്‍ത്തിച്ചിരുന്നവരെ ശാസിക്കാനും ശിക്ഷിക്കാനും തങ്ങളിലെ ഉന്നതമായ ധാര്‍മികമൂല്യം സഭാ നേതൃത്വത്തെ സഹായിച്ചിരുന്നു. പള്ളിക്ക് നഷ്ടമുണ്ടാക്കിയ എളങ്കുന്നപ്പുഴയച്ചനോട് ളൂയിസ് മെത്രാന്‍ നഷ്ടം പണമായോ വസ്തുമായോ പള്ളിക്കു നല്‍കണമെന്നു കല്‍പ്പിച്ചതും തന്റെ പക്കല്‍ പണമില്ലാതിരുന്ന അച്ചന്‍ തന്റെ പേരിലുണ്ടായിരുന്ന ഭൂമി പറവൂര്‍-കോട്ടക്കാവ് പള്ളിക്ക് എഴുതിക്കൊടുത്തു നഷ്ടം പരിഹരിച്ച ചരിത്രവും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി വില്‍പ്പനയുടെ പേരില്‍ സഭയ്ക്കു കോടികള്‍ നഷ്ടമുണ്ടാക്കിയെന്ന ആരോപണം കർദിനാൾ മാര്‍ ആലഞ്ചേരിക്ക് എതിരെ ഉയരുമ്പോഴാണ് ഇങ്ങനെ നഷ്ടം നികത്തിയ മുൻകാല മാതൃകകൾ ഉയർത്തിക്കാട്ടി സത്യദീപം ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭൂമി വിവാദം ചര്‍ച്ച ചെയ്യാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൊവ്വാഴ്ച വൈദികസമിതി യോഗം വിളിച്ചതിനു പിന്നാലെയാണ് സത്യദീപം വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം. ഇതിനു മുന്‍പും സത്യദീപം ഭൂമി വിഷയത്തില്‍ ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ