ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ബീഫ് വിഷയത്തില്‍ നയം വ്യക്തമാക്കി അല്‍ഫോണ്‍സ് കണ്ണന്താനം. മലയാളികള്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബീഫ് കഴിക്കരുതെന്ന് ബിജെപി കല്‍പിക്കില്ല. ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഗോവയില്‍ ബീഫിന് അനുകൂലമായ നിലപാടാണ് എടുത്തിട്ടുളളത്. കേരളത്തിലും അപ്രകാരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അൽഫോൻസ് കണ്ണന്താനം കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ്.

“കേന്ദ്രമന്ത്രിയാകാനായതിൽ സന്തോഷമുണ്ടെന്ന് അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. 1979 ബാച്ച് കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അൽഫോൺസ് കണ്ണന്താനം. ഡപ്യൂട്ടേഷനിൽ ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ കമ്മിഷണറായിരിക്കെ 15000 ത്തിലധികം അനധികൃത കെട്ടിടങ്ങളാണ് ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിൽ പൊളിച്ചു നീക്കിയത്. 1994 ൽ ടൈം മാഗസിന്റെ 100 യുവ നേതാക്കളുടെ പട്ടികയിലേക്ക് അദ്ദേഹത്തിന് ഇതോടെ ഇടം ലഭിച്ചു.

1989 ൽ ഇന്ത്യയിലെ ആദ്യത്തെ സന്പൂർണ്ണ സാക്ഷര സംസ്ഥാനമായി കോട്ടയത്തെ മാറ്റിയെടുക്കുന്നതിൽ മുഖ്യപങ്കാണ് ഇദ്ദേഹം വഹിച്ചത്. ഐഎഎസിൽ നിന്ന് സ്വയം വിരമിച്ച് 2006-11 കാലത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് ഇടത് സ്വതന്ത്രനായാണ് ഇദ്ദേഹം കേരള  നിയമസഭയിലെത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ ചട്ടം 2017 ന്റെ സമിതിയിൽ അംഗമാണ് ഇദ്ദേഹം ഇപ്പോൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ