കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട ഫാ.തോമസ് തേരകത്തിനെതിരെ അഭിഭാഷകയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആദിവാസി ബാലികയുടെ പീഡനവുമായി ബന്ധപ്പെട്ട് ഫാ.തോമസിനെ കണ്ടപ്പോഴുണ്ടായ സംഭവത്തെ വിശദീകരിച്ചുളളതാണ് അഭിഭാഷകയായ മായ കൃഷ്ണന്റെ പോസ്റ്റ്.

അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സി.കെ.ജാനുവുമൊന്നിച്ചാണ് ഫാ.തോമസിനെ പോയി കണ്ടത്. അന്ന് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 14 വയസല്ല, 18 ഒക്കെയുണ്ടെന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്ന് വൃത്തികെട്ട ചിരിയോടെ അയാൾ പറഞ്ഞു. സിഡബ്ല്യു നോക്കേണ്ടത് സര്‍ട്ടിഫിക്കറ്റാണ് എന്നു പറഞ്ഞ് വഴക്കുണ്ടാക്കിയാണ് അവിടെനിന്നിറങ്ങിയതെന്നും മായ പറയുന്നു.

കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയുടെ കുഞ്ഞിന്റെ ദത്തെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തിൽപ്പെട്ട മാനന്തവാടി രൂപത വക്താവ് ഫാ. തോമസ് തേരകത്തിനെ തൽസ്ഥാനത്തുനിന്നും മാറ്റിയിരുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയെന്നു പൊലീസ് കണ്ടെത്തിയ വയനാട് ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) അധ്യക്ഷൻ കൂടിയാണ് ഫാ. തോമസ് തേരകം. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനധികൃതമായി സൂക്ഷിച്ചുവെന്നാണ് വയനാട് ശിശുക്ഷേമ സമിതിക്കെതിരായ ആരോപണം.

മായ കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വയനാട് ശിശുക്ഷേമസമിതി അധ്യക്ഷനായ ഫാ. തോമസ് തേരകത്തെ ഓഫീസില്‍ പോയി കണ്ടിട്ടുണ്ട്. അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സി.കെ ജാനുവുമൊന്നിച്ചാണ് അയാളെ കണ്ടത്. അന്ന് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 14 വയസല്ല, 18 ഒക്കെയുണ്ട്ന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍. നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്ന് വൃത്തികെട്ട ചിരിയോടെ അയാള്‍ . സിഡബ്ല്യു നോക്കേണ്ടത് സര്‍ട്ടിഫിക്കറ്റാണ് എന്നു പറഞ്ഞ് വഴക്കുണ്ടാക്കിയാണ് ഇറങ്ങിയത്. തിരുവനന്തപുരത്തായിരുന്നു കുട്ടി ഉണ്ടായിരുന്നത്. അവിടെ പോയി അവളെ കാണുമ്പോള്‍ തേരകത്തെ കുറിച്ചുള്ള അസഹനീയത വര്‍ദ്ധിച്ചു. അത്രയ്ക്ക് ചെറിയ ഒരു ബാലിക. അവളുടെ ശരീരത്തെ പറ്റിയാണ് അയാള്‍ പറഞ്ഞത. ജാനുവേച്ചിയുമായി അന്ന് മന്ത്രി ജയലക്ഷ്മിയെ കണ്ടപ്പോള്‍ തേരകത്തെ പറ്റി പരാതി പറഞ്ഞിരുന്നു.

തേരകം മാത്രമല്ല കേരളത്തിലെ മിക്ക ശിശുക്ഷേമ സമിതികളും ക്രൈസ്തവ വൈദികരും കന്യാസ്ത്രീകളും കയ്യടക്കി വെച്ചിരിക്കുകയാണ്. ദത്തെടുക്കല്‍ അടക്കമുള്ളവയുടെ സര്‍ക്കാര്‍ ഏജന്‍സിയാണ് ഇത്തരത്തില്‍ മതസ്ഥാപനമായി മാറുന്നത്. ഇത് അനുവദിച്ചു കൂട. എന്തുകാര്യത്തിലും കുഞ്ഞുങ്ങളുടെ സംരക്ഷകരാകേണ്ട ഇവര്‍ പ്രതികളോടൊപ്പം നില്‍ക്കുന്നത്, ഈ വൈദികന്റെ കാര്യത്തില്‍ മാത്രമല്ല. ഗേള്‍സ്, ചില്‍ഡ്രന്‍സ്, സ്പ്‌ഷെഷ്യല്‍ ഹോമുകളുടെ ചുമതലയടക്കം ഇവരുടെ കയ്യിലാണെന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു. ദത്തുനല്‍കലുകളടക്കം ഇയാളുടെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കണം. അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് തെളിവുകള്‍ നശിപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കലാണ് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം സുപ്രധാനമായ അധികാരമുള്ള സ്ഥാനമാണ് ശിശുക്ഷേമതി അധ്യക്ഷന്‍റേത്. അത്തരം സ്ഥലങ്ങളില്‍ അനര്‍ഹരാണ് ഇരിക്കുന്നതെങ്കില്‍ പ്രത്യാഘാതം രൂക്ഷമാണ്. സംരക്ഷകര്‍ തന്നെ വേട്ടക്കാരാകുന്നത് അനുവദിച്ചുകൂടാ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ