കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിൽ അന്വേഷണം സിനിമാ മേഖലയിലുള്ളവരിലേക്കും. തട്ടിക്കൊണ്ടുപോയത് ക്വട്ടേഷനാണെന്ന് സുനി കാറിൽ വച്ച് പറഞ്ഞെന്ന നടിയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. രണ്ടു മാസത്തിനിടെ സുനിലുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവത്തിൽ ഗൂഢാലോചന നടന്നതായി നേരത്തേ തന്നെ പ്രമുഖർ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ അപകീർത്തികരമായ ചിത്രങ്ങൾ കാട്ടി പണം തട്ടാനായിരുന്നു പ്രതികളുടെ ശ്രമമെന്ന നിലയിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോയത്. ആദ്യഘട്ടത്തിൽ തന്നെ സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും മുഖ്യപ്രതി പൾസർ സുനി പിടിയിലാകാത്തത് പൊലീസിനെ വലച്ചു.

സംഭവത്തിൽ ഏറ്റവുമൊടുവിൽ പിടിയിലായ മണികണ്ഠനും പൾസർ സുനി ആവശ്യപ്പെട്ടതനുസരിച്ചാണ്ണ് സംഘത്തിന്റെ ഭാഗമായതെന്ന മൊഴി പൊലീസിന് നൽകിയതായാണ് വിവരം. “ഒരു വർക്ക് ഉണ്ടെന്ന്” പറഞ്ഞാണ് സുനിൽ ഇയാളെയും ബന്ധപ്പെട്ടത്. എന്നാൽ ഇതൊരു ക്വട്ടേഷനായിരുന്നുവോ അല്ലെങ്കിൽ സുനിൽ ഒറ്റയ്‌ക്ക് ആസൂത്രണം ചെയ്‌തതാണോയെന്നും സംശയങ്ങളുണ്ട്. ഇതിലേക്ക് കൂടിയാണ് അന്വേഷണത്തിന്റെ ഗതി പൊലീസ് സംഘം മാറ്റുന്നത്.

പ്രമുഖ താരങ്ങളുടെ ഡ്രൈവറായി പ്രവർത്തിച്ച സുനിൽ ദീർഘകാലമായി സിനിമ രംഗത്തുണ്ട്. മേഖലയിൽ നിരവധി പേരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. ഈ നിലയ്‌ക്ക് നടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് തീരുമാനം. എന്നാൽ നടിയെ ഭയപ്പെടുത്താൻ സംഘം ക്വട്ടേഷനെന്ന് കള്ളം പറഞ്ഞതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി സുനിലും മറ്റ് രണ്ടു പേരും തങ്ങളെ വന്നു കണ്ടിരുന്നുവെന്ന്, ഇവരുടെ മുൻകൂർ ജാമ്യപേക്ഷ കോടതിയിൽ സമർപ്പിച്ച അഭിഭാഷകർ ഇന്നലെ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. പ്രതികൾ ഏൽപ്പിച്ച മൊബൈൽ ഫോൺ, പാസ്‌പോർട്ട് എന്നിവ ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും, ഇത് അന്വേഷണ സംഘത്തിന് കൈമാറാനാണ് കോടതി നിർദ്ദേശിച്ചത്. പാസ്‌പോർട്ട് സമർപ്പിച്ചതോടെ പ്രതികൾ വിദേശത്തേക്ക് കടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അഭിഭാഷകൻ കൈമാറിയ ഫോണിൽ നിന്നും, മുഖ്യപ്രതി സുനിൽ ബന്ധപ്പെട്ട ആളുകളുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെ ബന്ധപ്പെടുത്തിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ