കൊച്ചി: ഫെബ്രുവരി 17ന് കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട അന്നോ പിറ്റേ ദിവസമോ ക്വട്ടേഷനാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ആരും ആരോപിച്ചിരുന്നില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പരസ്യമായി പറഞ്ഞത് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ ആയിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മയിലാണ് ഗൂഢാലോചനയുണ്ടെന്ന മഞ്ജുവിന്റെ പരാമര്‍ശം ഉണ്ടാകുന്നത്. 2017 ഫെബ്രുവരി 19നായിരുന്നു പ്രതിഷേധ കൂട്ടായ്മ ചേര്‍ന്നത്.

വേദിയില്‍ അപ്പോള്‍ നടന്മാരായ മമ്മൂട്ടി, ഇന്നസെന്റ്, ദിലീപ് എന്നിവരടക്കം എല്ലാവരും ഉണ്ടായിരുന്നു. തുടര്‍ന്നും തന്റെ പരാമര്‍ശത്തില്‍ മഞ്ജുവാര്യര്‍ ഉറച്ചുനിന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്റ്റും ഇപ്പോഴുണ്ടായ വിവാദങ്ങളെ തുടര്‍ന്നുളള അന്വേഷണവുമാണ് ഒടുവില്‍ ഗൂഢാലോചനയിലെ വഴിതുറക്കുന്നതും ദിലീപിന്റെ അറസ്റ്റില്‍ കലാശിക്കുന്നതും. അമ്മയുടെ പ്രതിഷേധ കൂട്ടായ്മയില്‍ ദിലീപും പങ്കെടുത്തിരുന്നു എന്നതാണ് ശ്രദ്ധേയം. ഞെട്ടിക്കുന്ന സംഭവമെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം.

‘ഞാനവളെ കണ്ടു. ധീരയാണ് അവള്‍. ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. സംഭവത്തില്‍ സങ്കടമല്ല, രോഷമാണ് തോന്നുന്നത്’ പ്രതിഷേധ കൂട്ടായ്മയിൽ മഞ്ജു വാര്യർ പറഞ്ഞത്.

‘ഞെട്ടിക്കുന്ന സംഭവം. പൊലീസ് സത്യസന്ധമായി മുന്നോട്ട് പോകുന്നു. ആക്രമിക്കപ്പെട്ടത് തന്റെ കൂടെ ഏറ്റവും കൂടുതല്‍ സിനിമ ചെയ്ത വ്യക്തി. വാര്‍ത്തകള്‍ വളച്ചൊടിക്കരുത്’ ദിലീപിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഇതിനുശേഷം അന്വേഷണം ഏറെ പുരോഗമിക്കുകയും നടിയെ ആക്രമിച്ചതിലെ മുഖ്യപ്രതി പള്‍സര്‍ സുനിയടക്കമുളള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ദിലീപ് അറസ്റ്റിലാവുകയും ചെയ്തിരിക്കുന്നു. സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ ദിലീപിനെ അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത നടനെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. ഇന്ന് തന്നെ നടനെ കോടതിയില്‍ ഹാജരാക്കും.

മുഖ്യപ്രതിയായ പള്‍സര്‍ സുനി നല്‍കിയ മൊഴി പ്രകാരമാണ് ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതെന്നാണ് വിവരം. നടിയെ ആക്രമിക്കാന്‍ രണ്ട് തവണ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എംജി റോഡിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിക്കാന്‍ ആദ്യമായി പദ്ധതിയിട്ടത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ ലൊക്കേഷന്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.

നടിയോടുളള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് നടന്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ