കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മൊഴി. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിംസണ്‍ ആണ് പൊലീസിനു മൊഴി നല്‍കി. പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് വിവരം ലഭിച്ചു.

ജിംസണ്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്ന കത്ത് പള്‍സര്‍ പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. മറ്റൊരു തടവുകാരന്‍ മുഖേനെയാണ് കത്ത് പുറത്ത് വിട്ടത്.

സുനി ജയിലില്‍ എത്തി ദിവസങ്ങള്‍ക്കകം തന്നെ മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി പൊലീസ് തന്നെ ഒരുക്കിയ കെണിയാണെന്നും സൂചനയുണ്ട്. ഫോണ്‍ വിളിച്ചവരുടെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് സുനിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെ ലഭിച്ചിട്ടുള്ളതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോയതും പീഡിപ്പിക്കാൻ ശ്രമിച്ചതും ക്വട്ടേഷനാണെന്ന് പൾസർ സുനി പറഞ്ഞതായ വെളിപ്പെടുത്തലിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോയെന്നാണ് പൊലീസ് അന്വേഷിച്ചത്.

നേരത്തേ നൽകിയ മൊഴിയിൽ നിന്ന് നടി പിന്മാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ആക്രമണത്തിന് പിന്നിൽ ഉന്നത ഗൂഢാലോചന ഉണ്ടെന്ന സംശയം ശക്തമായി. പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ ജിൻസിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് അനുമതി തേടിയിരുന്നു. ആലുവ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ മൊഴി രേഖപ്പെടുത്താമെന്നാണ് പൊലീസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശിച്ചത്.

കേസിന്റെ അന്വേഷണ ചുമതല ഇപ്പോൾ പെരുമ്പാവൂർ സിഐയ്ക്കാണ്. എഡിജിപി ബി.സന്ധ്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട ചാലക്കുടി സ്വദേശി ജിൻസായിരുന്നു പൾസർ സുനിയുടെ കാക്കനാട് ജില്ല ജയിലിലെ സഹതടവുകാരൻ. ഇയാളോട് പൾസർ സുനി കേസിന്റെ നിർണ്ണായക വിവരങ്ങൾ പറഞ്ഞതായാണ് പൊലീസിന്റെ സംശയം. ജിൻസ് ജയിലിൽ നിന്ന് പുറത്തേക്ക് അയച്ച കത്തുകളും ഫോൺ കോളുകളും പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

നേരത്തേ പൾസർ സുനി, നടിയിൽ നിന്ന് പണം തട്ടാൻ നടത്തിയ ശ്രമമാണ് ഇതെന്ന നിലയിൽ കേസന്വേഷണം എത്തിയിരുന്നു. എന്നാൽ ഇത് പ്രതികളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കേസന്വേഷണം ഉന്നതരിലേക്ക് എത്തില്ലെന്ന തോന്നലിലാണ് പൾസർ സുനി ജിൻസിനോട് കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.

മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ജിൻസിന്റെ മൊഴി വേഗത്തിൽ രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. കേസിൽ ഉന്നതരിലേക്ക് അന്വേഷണം എത്തിക്കാൻ ജിൻസിന്റെ മൊഴികൾ സഹായിക്കുമെന്നാണ് പൊലീസ് ഇപ്പോൾ കരുതുന്നത്.

ആലുവ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് വെള്ളിയാഴ്ച വൈകിട്ട് ആലുവ പൊലീസ് ക്ലബിൽ വച്ചായിരുന്നു നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ബെംഗലൂരുവിൽ ആയിരുന്ന നടിയെ ഇതിനായി നാട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. എഡിജിപി ബി.സന്ധ്യയുടെ സാന്നിദ്ധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അങ്കമാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കാറിനുള്ളിൽ വച്ച് നടിയെ പീഡിപ്പിക്കാൻ സംഘം ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലുപയോഗിച്ച് പകർത്തുകയും ചെയ്തു. പിന്നീട് കൊച്ചി നഗരം ചുറ്റിക്കറങ്ങിയ ശേഷം പാലാരിവട്ടത്ത് നടിയെ ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ നടിയുടെ ദൃശ്യങ്ങളോ, ഇത് പകർത്താൻ ഉപയോഗിച്ച ഫോണോ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാനും പൊലീസിന് സാധിച്ചില്ല. ഇതേ തുടർന്നാണ് കേസന്വേഷണം വഴി മുട്ടിയത്. മുഖ്യപ്രതി പൾസർ സുനി തന്നെ പുതിയ കാര്യങ്ങൾ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് കേസന്വേഷണത്തിന് വീണ്ടും ജീവൻ വച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ