എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് സമർപ്പിച്ച ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. പുതിയ തെളിവുകൾ കണ്ടെത്താത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാൽ സാഹചര്യങ്ങൾക്ക് മാറ്റമൊന്നും ഇല്ലെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ​ അറിയിച്ചത്.

മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. നേരത്തെ രണ്ടു തവണ നൽകിയെങ്കിലും ഹൈക്കോടതി തളളിയിരുന്നു. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് മജിസ്ട്രേറ്റ് കോടതി പറഞ്ഞിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 20 വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിക്ക് സോപാധിക ജാമ്യത്തിന്‌ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തിലായിരുന്നു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്ന് കോടതി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ