കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തുടര്‍ന്ന് പോലീസ് അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഗൂഢാലോചനയിൽ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പൾസർ സുനിയും ദിലീപുമായുള്ള ബന്ധത്തിന്റെ മുഖ്യകണ്ണികളിലൊന്ന് അപ്പുണ്ണിയാണെന്നാണ് അനുമാനം.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്.

പിന്നീടു സുനിൽ ജയിലിൽ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.

അതേസമയം കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാദം കേള്‍ക്കുക. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി നേരത്തെ പറഞ്ഞിരുന്നത്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതൊന്നും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്.

പള്‍സര്‍ സുനിയും ദിലീപും നേരിട്ട് സംസാരിച്ചത് ഗൂഢാലോചനക്കായിരുന്നുവെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ കോടതിയില്‍ വാദിക്കും. അതേസമയം കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ ഇന്ന് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ