എറണാകുളം: നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍ച്ച ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

കുറ്റപത്രമല്ല കരട് രേഖ മാത്രമാണ് ചോര്‍ന്നതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. പകര്‍പ്പെടുക്കാന്‍ നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ ഇത് ചോര്‍ത്തുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ നിലപാടെടുത്തിരുന്നു.

മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. മഞ്ജു വാര്യരാണ് കേസിലെ പ്രധാന സാക്ഷി.

ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് എട്ടാം പ്രതിയായ ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. മഞ്ജു വാര്യരെ കൂടാതെ സിനിമാ മേഖലയില്‍ നിന്ന് അമ്പതോളം സാക്ഷികള്‍ ഉണ്ടെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ