കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. നടിയുടെ വാഹനത്തെ പ്രതികളുടെ വാഹനം പിന്തുടരുന്ന ദൃശ്യം പൊലീസിനു കിട്ടി. നടിയെ പ്രതികൾ പിന്തുടർന്നിരുന്നുവെന്ന് തെളിയിക്കാൻ ഈ ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇടയ്ക്കൊരു സ്ഥലത്ത് വച്ച് പ്രതികൾ വാഹനത്തിൽനിന്നും പുറത്തിറങ്ങി വെളളം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

നടിയെ ആക്രമിച്ചശേഷം പ്രതികളായ മണികണ്ഠനും വിജീഷും പൾസർ സുനിയും അന്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. ഇവിടെനിന്നും കായംകുളത്തേക്കു പോയി. ഇവിടെ മാല പണയംവച്ചശേഷം അങ്കമാലി കറുകുറ്റിയിലെത്തി അഭിഭാഷകനെ കണ്ടു. കേസിന്റെ വക്കാലത്ത് ഏൽപ്പിച്ച ശേഷം കോയന്പത്തൂർ പീളമേട്ടിലേക്കു കടന്നു. ഇവിടെവച്ചു മണികണ്ഠൻ വഴിപിരിഞ്ഞു. പിന്നീട് പൾസർ സുനിയും വിജീഷും വാഗമണ്ണിലേക്കു പോയി. പ്രതികൾ കോടതിയിൽ കീഴടങ്ങാനെത്തുന്നതിനു തലേദിവസം കോലഞ്ചേരിയിലെ ഒരു കെട്ടിടത്തിനു മുകളിലാണ് പ്രതികൾ കഴിച്ചു കൂട്ടിയതെന്നും പൊലീസ് പറഞ്ഞിരുന്നു. പ്രതികൾ സഞ്ചരിച്ച സ്ഥലങ്ങളിൽനിന്നുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യം.

ഇന്നലെ കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അന്വേഷണ സംഘം അന്പലപ്പുഴ കക്കാഴത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെനിന്നും മൊബൈൽ ഫോണിന്റെ മെമ്മറി കാർഡും സിം കാർഡും കണ്ടെടുത്തിരുന്നു. സുനിയുടെ സുഹൃത്ത് മനുവിന്റെ വീടാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ