കൊച്ചി: നടി ആക്രമിച്ച കേസിൽ ദിലീപിന്റെ പേര് പറയാൻ ചിലർ പണം വാഗ്‌ദാനം ചെയ്തെന്ന് വിഷ്ണു പറഞ്ഞതായി നാദിർഷ. കേസിലെ മുഖ്യപ്രതി സുനിൽ കുമാർ പറഞ്ഞിട്ടാണ് വിളിക്കുന്നത്. വിഷ്ണുവെന്നാണ് പേരെന്നും ഇടപ്പളളിയിലാണ് വീടെന്നും പറഞ്ഞു. ദിലീപേട്ടൻ നിരപരാധിയാണെന്ന് അറിയാം. പക്ഷേ ദിലീപേട്ടന്റെ പേര് പറയാൻ പലരും നിർബന്ധിക്കുന്നു. നിർമാതാക്കളും നടീനടന്മാരുമാണ് ഇതിനു പിന്നിലെന്നും വിഷ്ണു പറഞ്ഞതായി നാദിർഷ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ മേഖലയുമായി എനിക്ക് ബന്ധമില്ല. സുനിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാനാണ്. ദിലീപിന്റെ പേര് പറഞ്ഞാൽ കേസിന്റെ കാര്യത്തിൽ സഹായിക്കാമെന്നു ചിലർ പറഞ്ഞുവെന്നും വിഷ്ണു പറഞ്ഞു. അതാരൊക്കെയാണെന്നു ചോദിച്ചപ്പോൾ മലയാള സിനിമാ മേഖലയിലെ പല പ്രമുഖ നടീ നടന്മാരുടെയും നിർമാതാക്കളുടെയും പേരുകൾ പറഞ്ഞു. എന്നാൽ വിഷ്ണു പറഞ്ഞ കാര്യങ്ങൾ സത്യമെന്ന് വിശ്വസിക്കുന്നില്ലെന്നും നാദിർഷ വ്യക്തമാക്കി.

യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി സുനിൽകുമാറിന്റെ സഹതടവുകാരൻ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപും സംവിധായകൻ നാദിർഷയും പൊലീസിൽ പരാതി നൽകിയിരുന്നു. സുനിലിന്റ സഹതടവുകാരൻ വിഷ്ണുവിനെതിരെയാണ് ഇരുവരും പരാതി നൽകിയത്. ഒന്നരകോടി രൂപ ആവശ്യപ്പെട്ട് വിഷ്ണു ബ്ലാക്മെയിൽ ചെയ്തതായി പരാതിയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ