ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിക്കാൻ കൂടുതൽ സിനിമാ താരങ്ങൾ ആലുവാ സബ്ജയിലിലെത്തി. സംവിധയകൻ രഞ്ജിത്തും ഹരിശ്രീ അശോകനുമാണ് ഒടുവിൽ ദിലീപിനെ സന്ദർശിച്ചത്. പത്ത് മിനിറ്റ് വീതമാണ് ഇരുവരും ദിലീപുമായി സംസാരിച്ചത്. കൂടിക്കാഴ്ചയെ കുറിച്ച് രണ്ട് പേരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ദിലീപിനെ കാണാന്‍ നടനും സുഹൃത്തുമായ കലാഭവന്‍ ഷാജോണും ഇന്ന് എത്തിയിരുന്നു. കുറച്ച് സമയം മാത്രമാണ് അനുവദിച്ചിരുന്നതെന്നും അതിനാല്‍ കൂടുതല്‍ സംസാരിക്കാനായില്ലെന്നും സന്ദര്‍ശന ശേഷം ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ദിലീപിന് അനുമതി നല്‍കിയിരുന്നു. പിന്നാലെ ഭാര്യയും നടിയുമായ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തി താരത്തെ കണ്ടിരുന്നു. ജയിലിനകത്തെ ഗാര്‍ഡ് റൂമില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവര്‍ക്കൊപ്പം കാവ്യയുടെ പിതാവ് മാധവനും ഉണ്ടായിരുന്നു.

നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷയും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 11നു ദിലീപിന്റെ മാതാവ് സരോജിനിയമ്മ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ അനുമതി നൽകിയത്. ബുധനാഴ്ച ദിലീപിന് ജയിലിനു പുറത്തിറങ്ങി അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാം. വീട്ടിലും ആലുവ മണപ്പുറത്തുമായാണ് ചടങ്ങുകൾ നടക്കുന്നത്. രണ്ടിടങ്ങളിലെയും ചടങ്ങുകളിൽ പങ്കെടുക്കാൻ 2 മണിക്കൂറാണ് ദിലീപിന് കോടതി സമയം അനുവദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ