ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ചലച്ചിത്ര താരം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. നടിയെ ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന അങ്കമാലി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്. ദിലീപിന്റെ റിമാൻഡ് ഈ മാസം 25വരെയാണ് നീട്ടിയത്. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതിയാണ് ദിലീപ്. ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്രെ കണ്ടെത്തൽ.

ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം കോടതി ശരിവച്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ദിലീപിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാത്ത സാഹച്യത്തിൽ ദിലീപിനെ വീണ്ടും ആലുവ സബ് ജയിലിലേക്ക് മാറ്റം. കസ്റ്റഡി കാലാവധി ഇന്ന് അഞ്ചു മണിക്ക് തീരുന്ന സാഹചര്യത്തിലാണ് നടപടി.അതേസമയം ജാമ്യം ലഭിക്കുന്നതിനായി ദിലീപിനറെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച തന്നെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയെ അറിയിച്ചു.

ഇതിനിടെ ദിലീപിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ 2 ഫോണുകൾ സമർപ്പിച്ചു. കോടതിയുടെ നീരീക്ഷണത്തിൽ ഈ ഫോണുകൾ പരിശോധിക്കണം എന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ദിലീപ് ഉപയോഗിച്ചിരുന്ന 2 ഫോണുകളാണ് അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചത്. 2 സാംസങ്ങ് ഫോണുകളാണ് കോടതിയിൽ സമർപ്പിച്ചത്.

സമൂഹമാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി നടക്കുന്ന പ്രചരണത്തിന് എതിരെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാധിച്ചു. ദിലീപിന്റെ സ്വാധീനം കൊണ്ടാണ് ഇത്തരത്തിലുള്ള പ്രചരണം നടക്കുന്നത് എന്നും അതിനാൽ പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടിക്ക് എതിരായി വിവിധ അഭിമുഖങ്ങളിൽ ദിലീപ് നടത്തിയ പരാമർശങ്ങൾ അയാളുടെ മനോനില വ്യക്തമാക്കുന്നതാണ് എന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ കസ്റ്റഡിയിൽ എടുക്കാൻ ഉണ്ടെന്നും , ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ ദിലീപിന് എതിരെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് വ്യാജമാണെന്ന് പ്രതിഭാഗം വാദിച്ചു. ദിലീപിന് എതിരെ കൊടുംകുറ്റവാളിയായ പൾസർ സുനിയുടെ മൊഴിമാത്രമാണ് ഉള്ളതെന്നും ഇയാളുടെ മൊഴിക്ക് വിശ്വാസ്യത ഇല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർക്കുന്നതിന്റെ ഭാഗമായി അന്വഷണസംഘം കേസ് ഡയറി ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. ദിലീപിനെതിരേ മതിയായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ