കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കും.കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിക്കുന്നത്. നേരത്തെ ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്. ഇതിനിടെ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് നടപടികളിലൂടെ റിമാന്റ് 14 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിക്കും.

നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ദിലീപ് സമർപ്പിച്ച ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രിമിനല്‍ നടപടിച്ചട്ടം 376 രണ്ട് പ്രകാരമുള്ള കുട്ടബലാല്‍സംഗക്കുറ്റം ദിലീപിന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്‌നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അത് പ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിന് പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിച്ചത്.

അതേസമയം സംവിധായകന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആലുവ പോലീസ് ക്ലബില്‍ ഹാജരായ നാദിര്‍ഷയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് നാദിര്‍ഷയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യം ചെയ്യലിന് തയാറാണെന്ന് അറിയിച്ചെങ്കിലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ