കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപ് ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിക്കില്ല. സുപ്രീം കോടതിയെ ഉടന്‍ സമീപിക്കേണ്ടെന്ന് ദിലീപ് അഭിഭാഷകരെ അറിയിച്ചു. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മാത്രം സുപ്രീംകോടതിയിലേക്ക് പോയാല്‍ മതിയെന്നാണ് തീരുമാനം.

ജയിലില്‍ അഭിഭാഷകനുമായി ദിലീപ് ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. അഡ്വ. രാമപ്രസാദ് ഉണ്ണിയാണ് ജയിലിലെത്തിയത്. തുടര്‍ നിയമ നടപടികള്‍ ആലോചിക്കാനായിരുന്നു കൂടിക്കാഴ്ച.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രി കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമ്മയെയും ചോദ്യം ചെയ്തത്. കാവ്യയെ ആറു മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. കാവ്യയുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സുനിൽകുമാറിനെ മുൻ പരിചയമില്ലെന്നാണ് കാവ്യ നൽകിയിരിക്കുന്ന മൊഴി. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ ദിലീപിന്‍റെ ആലുവ പരവൂർ കവലയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്തത്.

ആക്രമണത്തിനിരയായ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർ‍ഡ് കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനിൽ കുമാർ പൊലീസിന് നൽകിയ മൊഴി. എന്നാൽ സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും തന്‍റെ സ്ഥാപനത്തിൽ ഇയാളെത്തിയതായി അറിയില്ലെന്നുമാണ് കാവ്യ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ