അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ദിലീപ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. കുറ്റപത്രം കോടതി പരിഗണിക്കും മുന്പ് ഇതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നെന്നും ഇത് തനിക്കെതിരായ പൊലീസിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ കുറ്റപത്രം ചോർത്തിയത് പ്രതികൾ തന്നെയെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
അതിനിടെ, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം 22 ലേക്ക് മാറ്റി. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളുടെ ആധികാരികതയെയാണ് ദിലീപ് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. നേരത്തെ ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഓടുന്ന വാഹനത്തിലാണ് ആക്രമണത്തിന് ഇരയായതെന്നാണ് നടിയുടെ മൊഴി. എന്നാൽ നിർത്തിയിട്ട വാഹനത്തിൽനിന്നുളളതാണ് ദൃശ്യങ്ങൾ. മാത്രമല്ല ദൃശ്യങ്ങളിൽനിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ദിലീപ് ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ