കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അതിന്റെ നിർണായക ദിവസങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഈ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കാൻ തന്നെയാണ് പൊലീസിന്റെ നീക്കമെന്നാണ് സൂചന. കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹർജിയും ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മുൻകൂർ ജാമ്യ ഹർജിയും നാളെ വിവിധ കോടതികളുടെ പരിഗണനക്കെത്തുന്നു. നടനും സംവിധായകനുമായ നാദിർഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. അതേസമയം ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരിൽ നിന്നും മറ്റുമുള്ള പ്രതികരണങ്ങൾ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട പുതിയ വഴിത്തിരിവുകൾ പരിശോധിക്കാം:

നാദിർഷായെ വീണ്ടും ചോദ്യം ചെയ്യുന്നു

നടിയെ അക്രമിച്ച കേസിൽ ചോദ്യംചെയ്യലിനായി നാദിർഷാ വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. രാവിലെ 10 മണിക്ക് തന്നെ ആലുവ പൊലീസ് ക്ലബിൽ നാദിർഷാ ഹാജരായി. വെള്ളിയാഴ്ച നാദിർഷാ ഹാജരായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെച്ചിരുന്നു.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നേരത്തെ നാദിര്‍ഷായ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച വേളയിലായിരുന്നു ഇത്. കോടതി നിര്‍ദേശത്തിന് ശേഷം നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചോദ്യം ചെയ്യുന്നത് മറ്റൊരവസരത്തിലേക്ക് നീട്ടി വെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷാ പൊലീസിനെ അറിയിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റുകയായിരുന്നു.

ദിലീപ് പുറത്തേക്കോ? അതോ അകത്ത് തന്നെയോ? നാളെയറിയാം

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ടേറ്റ് കോടതി തിങ്കളാഴ്ച വിധി പറയും. 60 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി പൂര്‍ത്തിയായാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്ന് പൊലീസ് വാദിച്ചു. ചിത്രങ്ങള്‍ എടുക്കാന്‍ മാത്രമായിരുന്നില്ല നിര്‍ദേശം നല്‍കിയതെന്നും ജാമ്യം എതിര്‍ത്ത് പൊലീസ് കോടതിയെ ബോധിപ്പിച്ചു.

അടച്ചിട്ട കോടതി മുറിയിലാണ് നടപടി ക്രമങ്ങള്‍ നടന്നത്. കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടി. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷനു പക്കലുള്ള രഹസ്യസ്വഭാവമുള്ള രേഖകളും പുറത്തുവരുന്നത് തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ ഇതേ കോടതിയും രണ്ടു തവണ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു.

കാവ്യ അറസ്റ്റ് ഭയക്കുന്നോ? മുൻകൂർ ജാമ്യാപേക്ഷക്ക് പിന്നിലെന്ത്?

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അഡ്വ.രാമൻപിള്ള മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ അറസ്റ്റ് സാധ്യത മുന്നിൽകണ്ടാണ് കാവ്യയുടെ നീക്കമെന്നാണ് വിലയിരുത്തൽ.

കേസില്‍ നേരത്തെ ഒരുതവണ കാവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നുമായിരുന്നു കാവ്യ മൊഴി നല്‍കിയത്. എന്നാല്‍ പള്‍സര്‍ സുനിക്ക് കാവ്യയുമായി അടുത്തബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കാവ്യ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നെന്ന സംശയം പൊലീസിനുണ്ട്.

മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ഭീഷണിയുണ്ട്. പൊലീസ് നിരന്തരം വിളിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീർക്കാനാണ് നീക്കം.

ആസൂത്രിതമായാണ് പൾസർ സുനി ഒരോ വെളിപ്പെടുത്തലും നടത്തുന്നത്. സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അപേക്ഷ നൽകിയെങ്കിലും സുനി അതിനു വിസമ്മതിച്ചു. അയാൾ പറയുന്നത് കളവാണെന്ന് അതിൽ നിന്നുതന്നെ വ്യക്തമാണ്. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണ് തന്നെ വേട്ടയാടുന്നത്. ഉദ്യോഗസ്ഥർ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരൻ സൂരജ് ഡിജിപിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചലച്ചിത്രമേഖലയിലുളള ആരും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായ ചിലരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസ്.

ഭരണകക്ഷി നേതാവിന്റെ മകൻ ദിലീപിനെ കുടുക്കിയോ? കേസ് വഴിതിരിച്ച് വിടാനെന്ന് കോടിയേരി

ദിലീപിനെയും തന്നെയും കേസിൽ കുടുക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ഭരണ കക്ഷിയിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകന് പങ്കുണ്ടെന്ന് കാവ്യ ആരോപിച്ചിരുന്നു. ഇതു കൂടാതെ എഡിജിപി സന്ധ്യ, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കാവ്യ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

രാഷ്‌ട്രീയനേതാവിന്റെ മകനെതിരെയുള്ള നടി കാവ്യാമാധവന്റെ ഹർജിയിലെ ആരോപണം അന്വേഷണത്തിന്റെ വഴി തിരിച്ചു വിടാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഒരു വിഭാഗം ഇപ്പോഴും വേട്ടക്കാരനൊപ്പമാണെന്നും കോടിയേരി പറഞ്ഞു.

‘ഫൗൾ പ്ലേ പാടില്ല’: അന്വേഷണ ഉദ്യോഗസ്ഥയെ അവഹേളിക്കരുതെന്ന് ഡിജിപി

കേസില്‍ എഡിജിപി ബി.സന്ധ്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന വിശദീകരണവുമായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ മനോവീര്യം തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബി.സന്ധ്യക്കുള്ളത് മേല്‍നോട്ടച്ചുമതല മാത്രമാണ്. ഗംഗേശാനന്ദ കേസ് അന്വേഷണ സംഘത്തില്‍ സന്ധ്യയില്ലെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കണ്ണീരുമായി ദിലീപിനെ കാണാനെത്തിയ കെപിഎസി ലളിത

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​ലു​വ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​നെ നടി കെപിഎസി ലളിത സന്ദര്‍ശിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് നടി മടങ്ങിയത്. കഴിഞ്ഞയാഴ്ച ജയില്‍ അധികൃതര്‍ സ​ന്ദ​ർ​ശ​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിരുന്നു. ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ അടിക്കടി വന്നതിനെ തുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍ കുടുംബാംഗങ്ങളും പ്രധാനപ്പെട്ട വ്യക്തികള്‍ക്കും മാത്രമായാണ് സന്ദര്‍ശനം അനുവദിക്കുകയെന്ന് ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ സഹോദരിക്കൊപ്പമാണ് കെപിഎസി ലളിത ജയിലിലെത്തിയത്. നേരത്തേ തന്നെ ഒരുപാട് സഹായിച്ച വ്യക്തിയാണ് ദിലീപെന്ന് ലളിത പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് നിരപരാധി ആണെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിന് കട്ടസപ്പോർട്ടുമായി വീണ്ടും ശ്രീനിവസൻ

അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളതെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. സഹപ്രവര്‍ത്തകനായ ദിലീപിനെപ്പറ്റി അഭിപ്രായം പറഞ്ഞതിനാണ് തന്റെ വീടിന് കരിഓയില്‍ ഒഴിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍മലഗിരി കോളേജിലെ 1973-76 ബാച്ച് ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീനിവാസന്‍.

അക്രമത്തിനിരയായ നടിയോട് തനിക്കിപ്പോഴും അനുഭാവമാണുള്ളത്. വേദനിപ്പിക്കുന്ന സംഭവമുണ്ടായപ്പോള്‍ ആദ്യമായി നടിയെ വിളിച്ചന്വേഷിച്ചതിലൊരാള്‍ ഞാനായിരുന്നു. എന്നാല്‍, ദിലീപുമായും തനിക്ക് ഏറെ നാളത്തെ ബന്ധമാണുള്ളത്. ഞാനറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെത്തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത് -ശ്രീനിവാസന്‍ പറഞ്ഞു.

വിഎസും ‘അവൾക്കൊപ്പം’

ചാനൽ ചർച്ചകളിലുടെ അക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ്​ ചെയ്യുന്നതെന്ന് വിഎസ് കുറ്റപ്പെടുത്തി. പുറമെ വലിയ തത്വ ചിന്തകൾ പറയുന്നവർ തന്നെയാണ്​ അതിക്രമം നടത്തുന്നത്​. സ്​ത്രീകൾക്ക്​ നൽകുന്ന മാന്യതയാണ്​ സമൂഹത്തിനു മുന്നിൽ നമ്മുടെ സംസ്​കാരത്തി​​ന്റെ അടയാളമെന്നും വിഎസ്​ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ