തൃശൂര്‍: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നടിയുടെ കുടുംബം. അന്വേഷണത്തില്‍ തങ്ങള്‍ പൂര്‍ണ സംതൃപ്തരാണെന്ന് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ രാജേഷ് ബി.മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

‘കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങള്‍ പരിപൂര്‍ണ സംതൃപതരാണ്. അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ കേരള പൊലീസില്‍ നിന്നും അന്വേഷണം സിബിഐയിലേക്ക് മാറ്റുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല, അതിന് തയാറുമല്ല’ എന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.

നിരവധി പേര്‍ കേസില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശമുണ്ടോ എന്ന് ചോദിക്കുന്നുണ്ടെന്നും, എന്നാല്‍ പിന്മാറാനാണെങ്കില്‍ കേസുമായി മുന്നോട്ടു വരില്ലായിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാജേഷ് ബി.മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സുഹൃത്തുക്കളേ …
ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും ഞങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് . അതില്‍ ആദ്യത്തേത് ഈ കേസില്‍ നിന്നും പിന്മാറുമോ എന്നുള്ളതാണ് . ഇതുനുത്തരം ഞാന്‍ മുന്‍പേ പറഞ്ഞത് തന്നെയാണ് . പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ല . മറ്റൊന്ന് കേസിന്റെ ഗതിവിഗതികളില്‍ ഇപ്പോള്‍ സംതൃപ്തരാണോ അതോ അന്വേഷണം സിബിഐ ക്ക് വിടുന്നുണ്ടോ എന്നതാണ് . കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങള്‍ പരിപൂര്‍ണ്ണ സംതൃപതരാണ് . അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ കേരള പോലീസില്‍ നിന്നും അന്വേഷണം സിബിഐ യിലേക്ക് മാറ്റുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല , അതിന് തയ്യാറുമല്ല . ഞാന്‍ നേരില്‍ അറിയുന്നതും അറിയാത്തതുമായ നിങ്ങള്‍ സുഹൃത്തുക്കളാണ് എന്റെയും എന്റെ കുടുംബത്തിന്റേയും പിന്‍ബലം . നീതിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണം .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ