കോട്ടയം: പൾസർ സുനിക്ക് വ്യാജരേഖ ഉപയോഗിച്ച് നേടിയ സിം കാർഡ് കൈമാറിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഈ​ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. മറ്റൊരാവശ്യത്തിനായി സംഘടിപ്പിച്ച സിം കാർഡാണിതെന്ന് പൊലീസ് പറഞ്ഞു. സുനിയുടെ സുഹൃത്ത് ഷൈനി തോമസ്, പാലാ സ്വദേശി മോന്‍സി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ ഒരാൾ കൂടി ഈ​ കേസിൽ കസ്റ്റഡിയിലായതായി സൂചനയുണ്ട്.

സുനി അറസ്റ്റിലായതോടെയാണ് സിം കാര്‍ഡ് വ്യാജ രേഖ ചമച്ച് സ്വന്തമാക്കിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഷൈനിയെ കടവന്ത്രയില്‍ നിന്നും മോന്‍സിയെ കോട്ടയത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: “ആറു മാസം മുന്‍പ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് എടുത്ത സിം കാര്‍ഡ് ഷൈനി സുനിക്ക് കൈമാറുകയായിരുന്നു. കോട്ടയത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന മാര്‍ട്ടിന്‍ എന്നയാൾ മോന്‍സിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാര്‍ഡ് എടുക്കുകയായിരുന്നു. സ്ഥാപനത്തില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തിയ കാഞ്ഞിരം സ്വദേശി ദീപക് സക്‌സേനയുടെ ആധാര്‍കാര്‍ഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ച് തിരുനക്കര ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ നിന്നാണ് സിം കാര്‍ഡ് സംഘടിപ്പിച്ചത്.

എറണാകുളം സ്വദേശികളുമായി മാര്‍ട്ടിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ വില്‍ക്കാന്‍ നോക്കിയ വസ്തുവില്‍ മറ്റൊരു വന്‍കിട ബിസിനസ് ഗ്രൂപ്പ് ഇടപെട്ടതോടെയാണ് മാര്‍ട്ടിന്‍ മോന്‍സിയുടെ സഹായം തേടിയത്. മോന്‍സി വഴി ഷൈനിയെ പരിചയപ്പെട്ട മാര്‍ട്ടിന്‍ സിം കാര്‍ഡ് നല്‍കുകയും ബിസിനസ് ഗ്രൂപ്പിനെ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഷൈനിയുടെ ഇടപെടലിലൂടെ ബിസിനസ് ഗ്രൂപ്പ് പിന്‍മാറി. എന്നാല്‍ തങ്ങളുടെ ആവശ്യത്തിന് ശേഷം സിംകാര്‍ഡ് തിരിച്ചുവാങ്ങിയിരുന്നില്ല. ഒന്നരമാസം മുന്‍പ് ഇതേ സിം സുനി ഷൈനിയില്‍ നിന്ന് സ്വന്തമാക്കുകയും നടിയെ തട്ടിക്കൊണ്ടു പോകാനടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയുമായിരുന്നു.” സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വാങ്ങിയ സുനിയെ ഡിവൈ എസ് പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ