കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ആലുവ സബ് ജയിലിൽ നടന്നു. പരേഡിൽ നടി നാലു പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം.

വിവിധ കേസുകളിൽ പ്രതികളായ ആളുകൾക്കൊപ്പം നടിയെ ആക്രമിച്ച സംഘത്തിൽ ഉള്ളവരെ കൂടി ഉൾപ്പെടുത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. ആലുവ മജിസ്ട്രേറ്റിന്രെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. കേസിലെ മുഖ്യപ്രതി പൾസർ സുനി, കൂട്ടാളി വിജീഷ് എന്നിവരുടെ തിരിച്ചറിയൽ പരേഡ് നടത്തിയില്ല. കേസിൽ ആദ്യം പിടിയിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് നടന്നത്.

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് ക്വട്ടേഷനാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പൾസർ സുനി പറഞ്ഞിരുന്നു. നടിയോട് തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും സുനി കോടതിയിൽ ഹാജരാക്കവേ  മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ സുനിയെയും കൂട്ടാളികളെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി പ്രതികളെ എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വിടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി എട്ടു ദിവസം മാത്രം അനുവദിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ