വേങ്ങര: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും എം.എല്‍.എയുമായ മുകേഷ്. അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മുകേഷ്.

സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നുണ്ടെങ്കില്‍ കലാ സാംസ്‌കാരിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇവിടങ്ങളിലേക്ക് നുഴഞ്ഞ് കയറാന്‍ ഒരു ഭാഗത്ത് നിന്ന് എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അമ്മയെ പൊളിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ വിരുദ്ധര്‍ ആരെല്ലാമെന്ന ചോദ്യത്തിന് മുകേഷ് മറുപടി പറഞ്ഞില്ല.

ഇടത് വിരുദ്ധര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും അമ്മയെ പിളര്‍ത്താന്‍ കഴിയില്ല. സര്‍ക്കാര്‍ അമ്മയോടൊപ്പമാണെന്ന ധ്വനിയും മുകേഷ് തന്റെ വാക്കുകളിലൂടെ മുന്നോട്ട് വെച്ചു. ദിലീപുമായി ബന്ധപ്പെട്ട് വിഷയത്തില്‍ അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് മുകേഷ് വേങ്ങരയില്‍ ഇങ്ങനെ പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ