നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിന്റെയും നടന്‍ ശ്രീനിവാസന്റെയും നിലപാടിനെ സംവിധായകന്‍ ആഷിക് അബു വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ ആഷിഖിനെ കുറ്റപ്പെടുത്തി ദിലീപ് ആരാധകർ രംഗത്തെത്തി. കഞ്ചാവ് കൈവശം വച്ച കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത കേസിൽ ആഷിക് അബുവിനും റീമ കല്ലിങ്കലിനും എതിരെ ഒരു പത്രം എഴുതിയിരുന്നു. ഈ പത്രത്തിനെതിരെ ആഷിഖ് രംഗത്തുവന്നു. ഷൈൻ ടോം എന്റെ സഹപ്രവർത്തകനും സുഹൃത്തും ആണെന്നും നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപ്പെടുമെന്നും ആഷിഖ് പറഞ്ഞു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് ആരാധകർ രംഗത്തെത്തിയത്. ഇപ്പോഴിതാ ദിലീപ് ആരാധകർക്ക് ആഷിഖ് അബുവിന്റെ മറുപടി നൽകിയിരിക്കുകയാണ്.

മഹാരാജാസിൽ പഠിക്കുന്ന സമയത്തേ ദിലീപിനെ പരിചയമുണ്ട്. വർണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിങ് മഹാരാജാസിൽ നടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതും സൗഹൃദത്തിൽ ആവുന്നതും. സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പത്മിനിക്ക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയമെന്നും ആഷിഖ് അബു ഫെയ്സ്ബുക്കിൽ കുറിച്ചു.

ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മഹാരാജാസിൽ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വർണ്ണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസിൽ വെച്ചുനടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതും സൗഹൃദത്തിൽ ആവുന്നതും. ഫാൻസ്‌ അസോസിയേഷൻ രൂപപെടുന്നതിനു മുൻപ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ ഹോൾഡ് ഓവർ ആവാതിരിക്കാൻ മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് പല കൂട്ടമായി വിദ്യാർത്ഥികൾ തീയേറ്ററുകളിൽ എത്തുകയും, കൌണ്ടർ ഫോയിലുകൾ സഹോദരന്റെ കയ്യിലും ആലുവ പറവൂർ കവലയിലെ വീട്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്.

തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ക്യാംപസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പത്മിനിക്ക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം.
നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ