കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയോട് ചിറ്റമ്മനയം കാണിച്ച സിനിമാ സംഘടനയായ ‘അമ്മ’യെ വിമര്‍ശിച്ച് സംവിധായകനായ ആഷിഖ് അബു. സിനിമാസംഘടനകളില്‍ ജനാധിപത്യം പേരിനുപോലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. “സിനിമാസംഘടനകളുടെ നിലപാടുകളിൽ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി” എന്നും അദ്ദേഹം പരിഹസിച്ചു.

നടിക്ക് സ്വന്തം നിലയില്‍ പിന്തുണ നല്‍കാന്‍ കഴിയുമെന്ന് അറിയിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത് വന്നതിന് പിന്നാലെയാണ് ആഷിഖിന്റെ വിമര്‍ശനം. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയെ ആക്രമിച്ച സംഭവം ചർച്ചയ്ക്കെടുക്കാത്തത് സിനിമാപ്രവര്‍ത്തകരെ രണ്ടുതട്ടിലാക്കിയിട്ടുണ്ട്. നടിക്ക് നീതി നേടി കൊടുക്കാന്‍ ‘അമ്മ’യ്ക്ക് അവരുടേതായ നിലയില്‍ മുന്നോട്ട് പോകാമെന്ന് വനിതാ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അറിയാമെങ്കിലും ഈ വിഷയം ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ടതല്ലെന്നും വിമൺ ഇൻ സിനിമാ കളക്ടീവ് ഇന്നലെ വിമര്‍ശിച്ചിരുന്നു.

ആക്രമണത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് വേണ്ട നിയമസഹായം അടക്കമുള്ള എല്ലാ പിന്തുണയും വുമൺ ഇൻ സിനിമാ കളക്ടീവ് നൽകും. ഇരയെ അപമാനിക്കുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളെയും തടയും. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇരയെ അപമാനിച്ച സിനിമാ പ്രവർത്തകനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടിയെക്കണമെന്ന് ആവശ്യപ്പെട്ടതായും വുമൺ ഇൻ സിനിമാ കളക്ടീവ് അറിയിച്ചു. അമ്മയുടെ അംഗത്തിന് സംഘടന പിന്തുണ നല്‍കണമെന്നും വിമണ്‍ കളക്ടീവ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ