ബാംഗ്ലൂര്‍: ഗാന്ധി, അംബേദ്‌കര്‍, മാര്‍ക്സ്, ഗോഡ്സെ, ജിന്ന..ജനാധിപത്യത്തിന്‍റെയഞ്ചു ബസ്സുകള്‍ ഉരുളാന്‍ തുടങ്ങിയിട്ട് ഇരുപതു ദിവസം പിന്നിട്ടിരിക്കുന്നു. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ ബാംഗ്ലൂരില്‍ നടക്കുന്ന ഷൂട്ടിങ് തീര്‍ക്കാം എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ‘ആഭാസം’ സിനിമാപ്രവര്‍ത്തകരെ തേടി നിനയ്ക്കാത്ത പ്രശ്നങ്ങള്‍ വരുന്നത്. പ്രശ്നത്തിനു കാരണം തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ വ്യാജ വാര്‍ത്താപ്രചരണവും. ഇതിനെ തുടർന്ന് പൊലീസ് ഷൂട്ടിങ് തടയുകയും ചെയ്തതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പ്രശ്നം ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളായി എന്നാണ് ചലച്ചിത്രത്തിന്റെ സംവിധായകന്‍ ജൂബിത് നമ്രടത് പറയുന്നത്. ” സിനിമയില്‍ ഡെമോക്രസി ട്രാവല്‍സ് എന്ന പേരില്‍ അഞ്ച് ബസ്സുകളുണ്ട്. മാര്‍ക്സ്, അംബേദ്‌കര്‍, ഗോഡ്സെ, ഗാന്ധി, ജിന്ന എന്നിങ്ങനെയാണീ ബസ്സുകള്‍. ഗാന്ധി ട്രാവല്‍സിലാണ് കഥ പ്രധാനമായും നടക്കുന്നത്. ബുധനാഴ്ചയാണ് ജിന്ന ട്രാവല്‍സിനുള്ള ബസ്സ് പണിയൊക്കെ കഴിഞ്ഞ് തയ്യാറായി വരുന്നത്.” അതു മുതല്‍ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. പാക്കിസ്ഥാന്‍റെ രാഷ്ട്രപിതാവായ മുഹമ്മദ്‌ അലി ജിന്നയുടെ ചിത്രം വച്ചിട്ടുള്ള പച്ചനിറത്തിലുള്ള ബസിന്‍റെ ചിത്രം വലതുപക്ഷ രാഷ്ട്രീയക്കാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്‌ ഭീഷണി വന്നു തുടങ്ങുന്നത്. ‘ഹിന്ദു ദേശീയവാദി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നീരജ് കമ്മത്ത് എന്നൊരാളാണ് ബസ്സിന്‍റെ ചിത്രം സഹിതം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തുകൊണ്ട് പ്രചരണം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, കേന്ദ്ര അഭ്യന്തര മന്ത്രാലയം, അഭ്യന്തരമന്ത്രി കിരണ്‍ റിജ്ജു, റിപബ്ലിക് ടിവി, ടൈംസ് നൗ ചാനല്‍, പിടിഐ എന്നിവരേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇയാള്‍ ചിത്രം പോസ്റ്റ് ചെയ്തത്.

പിന്നാലെ തന്നെ വലതുപക്ഷ സംടനകള്‍ സാമൂഹ്യ മാധ്യമങ്ങളും വാട്സപ്പുകളും വഴി ചിത്രം പ്രചരിപ്പിച്ചു തുടങ്ങി. ഏറെ വൈകാതെ തന്നെ സംവിധായകനെ തേടി ഭീഷണി ഫോണ്‍ കോളുകളും എത്തി.

“കഴിഞ്ഞകുറച്ചു ദിവസങ്ങളായി ‘ ഇന്ത്യന്‍ ദേശീയവാദികളാണ്’ എന്നൊക്കെ പരിചയപ്പെടുത്തികൊണ്ട് ധാരാളം ഫോണ്‍കോളുകള്‍ വരുന്നുണ്ട്. മിക്കവാറുംപേര്‍ ഭീഷണി സ്വരത്തിലാണ് സംസാരിക്കുന്നത്. ചിലര്‍ ഫോണ്‍ വിളിക്കുന്നത് തെറിവിളിക്കാന്‍ വേണ്ടി മാത്രമാണ്,” “ആഭാസ”ത്തിന്‍റെ സംവിധായകന്‍ ജുബിത് നമ്രടത്ത് പറയുന്നു.

തീവ്രവലതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് പുറമേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചിത്രം സഹിതം വാര്‍ത്തകള്‍ പ്രചരിപ്പിച്ചു തുടങ്ങിയതോടെ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. “ഒടുവില്‍ സംരക്ഷകര്‍ എന്ന രൂപത്തിലെത്തിയ പൊലീസ് ഷൂട്ടിങും തടഞ്ഞു”, സംവിധായകന്‍ ജൂബിത് പറയുന്നു. ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിക്കടുത്ത് ഷൂട്ടിംഗ് നടക്കുമ്പോഴാണ് പൊലീസ് ഷൂട്ടിംഗ് തടയുന്നത് ‘സുരക്ഷ കണക്കിലെടുത്താണ് ഷൂട്ടിംഗ് തടഞ്ഞത്. ജനങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്’ എന്നായിരുന്നു പൊലീസ് ഭാഷ്യം.

ജൂബിത് നമ്രടത്ത് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. സുരാജ് വെഞ്ഞാറമൂട് റീമാ കല്ലിങ്കല്‍, അലൻസിയർ ലേ ലോപ്പസ്, സാമൂഹ്യപ്രവര്‍ത്തകയായ ശീതള്‍ ശ്യാം എന്നിവരാണ് സിനിമയില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഊരാളി’ ബാന്‍ഡാണ് സംഗീതം നല്‍കുന്നത്. സാമൂഹ്യപ്രാധാന്യമുള്ള ഒരാക്ഷേപഹാസ്യമായ ആഭാസം ‘ആര്‍ഷഭാരത സംസ്കാരത്തിന്‍റെ’ ചുരുക്കപ്പേരാണ്. ഇന്ദ്രന്‍സ്, സുജിത് ശങ്കര്‍, അഭിജ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ‘കലക്ടീവ് ഫേസ് വണ്‍ ‘ നിര്‍മാണ പങ്കാളിയാവുന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് സഞ്ജു എസ് ഉണ്ണിത്താന്‍ ആണ്.

ഒരു ദിവസത്തെ ഷൂട്ടിങിനു തടസം നേരിടുക എന്നത് ചെറിയ ബജറ്റില്‍ ചെയ്യുന്ന സിനിമകളെ സാരമായ് ബാധിക്കുന്നകാര്യമാണ് എന്ന് സംവിധായകന്‍ ജൂബിത് പറയുന്നു. “ഒരു ദിവസം ഷൂട്ടിംഗ് മുടങ്ങുമ്പോള്‍ അതിനനുസരിച്ച് ഷൂട്ടിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടിവരും. ഇങ്ങനെ മാറ്റിവെക്കുന്നതനുസരിച്ച് അഭിനേതാക്കളുടെ ഡേറ്റും കിട്ടുക എന്നത് ഏറെ ബുദ്ധിമുട്ടാണ്,” ജൂബിത് പറഞ്ഞു.

ജിന്നയുടെ പേരിലുള്ള ബസ്സിനെതിരെ തിരിഞ്ഞ തീവ്ര വലതുപക്ഷവാദികളുടെ കണ്ണ് ഇപ്പോള്‍ ഗോഡ്സെ ട്രാവല്‍സിന്‍റെ കാവി ബസ്സിലും ഉടക്കിയിരിക്കുകയാണ് എന്നാണ് സംവിധായകന്‍ പറയുന്നത്. “കാവി ബസും ഗോഡ്സെയുടെ ചിത്രവും അവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.”

ഫലത്തില്‍, തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനു കൂടുതല്‍ വേരോട്ടമുള്ള കര്‍ണാടകത്തില്‍ ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഇനി ബുദ്ധിമുട്ടാണ് എന്ന് ജൂബിത് പറയുന്നു. ” പച്ച ബസ്സിലെ ആദ്യ സീന്‍ ഷൂട്ട്‌ ചെയ്യുമ്പോഴാണ് പ്രശ്നം ഉണ്ടാവുന്നതും ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നതും. ഇനിയും ഒന്നുരണ്ട് സീന്‍ ബാക്കിയുണ്ട്. കാവി ബസ്സിലും രണ്ടു സീന്‍ ഷൂട്ട്‌ ചെയ്യാനിരിക്കുകയാണ്. ഇനി കേരളത്തില്‍ മറ്റേതെങ്കിലും സ്ഥലത്ത് വച്ചാവാം ആ രംഗങ്ങളുടെ ചിത്രീകരണം” ജൂബിത് പറഞ്ഞു നിര്‍ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ