ബാഹുബലിയിലെ ശിവഗാമി എന്ന കഥാപാത്രത്തിനായി സംവിധായകൻ എസ്.എസ്.രാജമൗലി ആദ്യം സമീപിച്ചത് ഒരു കാലത്ത് ബോളിവുഡിന്‍റെ താരറാണിയായിരുന്ന ശ്രീദേവിയെ ആയിരുന്നെന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. കഥ ശ്രീദേവിക്ക് ഇഷ്ടമായെങ്കിലും ബജറ്റിനെക്കാൾ വൻ തുകയാണ് പ്രതിഫലമായി ചോദിച്ചത്. ഇതു നൽകാൻ കഴിയാത്തതിനെത്തുടർന്ന് രാജമൗലി രമ്യ കൃഷ്ണനെ സമീപിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. ശിവഗാമിയാകാൻ ശ്രീദേവി ആറു കോടി ചോദിച്ചതായും എന്നാൽ രമ്യ കൃഷ്ണൻ 2.5 കോടി പ്രതിഫലം വാങ്ങിയാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും വാർത്തകൾ വന്നിരുന്നു

ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ നിരന്തരം ശ്രീദേവിയോട് ഇതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നു. പക്ഷേ അപ്പോഴൊന്നും താരം ഇതിനുളള മറുപടി നൽകിയില്ല. പുതിയ ചിത്രമായ മോമിന്‍റെ പ്രമോഷൻ പരിപാടിക്കിടെ ശ്രീദേവി വീണ്ടും ഈ ചോദ്യം നേരിട്ടു. താരം ആദ്യം മറുപടി നൽകിയില്ലെങ്കിലും പിന്നീട് പ്രതികരിച്ചു.

”ബാഹുബലി ചിത്രം വന്നുപോയി, വേറെ ആരോ ആ വേഷം ചെയ്യുകയും ചെയ്തു. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും വന്നുപോയി. സിനിമ നന്നായി ഓടുന്നു. ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് എന്തു കാര്യമാണ്”-ഇതായിരുന്നു ശ്രീദേവിയുടെ മറുപടി.

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയാവുന്ന ചിത്രമാണ് മോം. രവി ഉദ്യാവാരാണ് സംവിധായകൻ. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷത്തിലുണ്ട്. ജൂലൈ 14നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ