ബാഹുബലിയുടെ ആദ്യഭാഗം റിലീസ് ആയതിന് പിന്നാലെ സിനിമാപ്രേമികള്‍ പരസ്പരം ചോദിച്ച് ഹിറ്റായ ചോദ്യമാണ് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നും എന്നത്. ഒരു സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യകൗശലവും സസ്പെന്‍സുമായ ഈ ചോദ്യത്തിന് പിന്നാലെയായിരുന്നു സിനിമാപ്രേമികള്‍ ഒന്നടങ്കം.

രണ്ടാം ഭാഗംം തിയറ്ററില്‍ വന്നപ്പോള്‍ കണ്ടവര്‍ കണ്ടവര്‍ ആ രഹസ്യം പറയാന്‍ വെമ്പി നിന്നു. കാണാത്തവരാകട്ടെ കാണേണ്ട പൂരം കണ്ട് തന്നെ അറിയണമെന്ന് പറഞ്ഞ് കാതടച്ച് നിന്നു.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന സലിം കുമാറിന്റെ വെളിപ്പെടുത്തല്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു പൊതുപരിപാടിക്കിടെയാണ് രസകരമായ ആ രഹസ്യം സലിം കുമാര്‍ വെളിപ്പെടുത്തിയത്. ആ രഹസ്യം വെളിപ്പെടുത്തരുതെന്ന് സദസ്സ് ആവശ്യപ്പെട്ടെങ്കിലും പറയുമെന്ന് ആവര്‍ത്തിച്ച് സലിം കുമാര്‍ ആ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.

“യുദ്ധത്തില്‍ രാജ്യവും സൈന്യവും ഒക്കെ നഷ്ടപ്പെട്ട് തോല്‍വിയടഞ്ഞിരുന്ന കട്ടപ്പ ബാഹുബലിയോട് ചോദിച്ചു; മോനെ ബാഹു നമ്മളിനി എന്തു ചെയ്യും. അപ്പോള്‍ ബാഹുബലി പറഞ്ഞു: എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന്. ഇതോടെ ഭ്രാന്ത് മൂത്ത കട്ടപ്പ അവിടെ കിടന്ന തുരുമ്പിച്ച വാളെടുത്തു ബാഹുബലിയെ കൊന്നു,” ഇതാണ് സത്യത്തില്‍ സംഭവിച്ചതെന്നായിരുന്നു സലിം കുമാറിന്റെ മറുപടി. പൊട്ടിച്ചിരിയോടെയാണ് സലീം കുമാറിന്റെ വെളിപ്പെടുത്തല്‍ സദസ്സ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോയും ഇതിനകം വൈറലായി മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ