മികച്ച ചിത്രത്തിനുളള 90-ാമത് ഓസ്കറിന് അര്‍ഹമായ ചിത്രമാണ് ഗില്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത ‘ഷേപ്പ് ഓഫ് വാട്ടര്‍’. പ്രേക്ഷക മനസിലേക്ക് ഊളിയിടുന്നത്രയും തീവ്രമായാണ് ചിത്രത്തിന്റെ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. 1960കളില്‍ ശീതയുദ്ധ കാലത്തെ ബാള്‍ട്ടിമോറിന്റെ പശ്ചാത്തലത്തിലാണ് കഥയൊരുങ്ങുന്നത്. എലിസ എസ്പോസിറ്റോ (സാലി ഹോക്കിന്‍സ്) എന്ന മൂകയായ ഒരു യുവതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സര്‍ക്കാരിന്റെ ഒരു ഉന്നത രഹസ്യകേന്ദ്രത്തില്‍ സൂക്ഷിപ്പുകാരിയായി ജോലി ചെയ്യുകയാണ് എലിസ. കൂട്ടിന് അടുത്ത സുഹൃത്തും സഹജോലിക്കാരിയുമായ സെല്‍ദ ഫുളളറും (ഒക്ടാവിയ സ്പെന്‍സര്‍) ആണുളളത്.

തറ തുടച്ചും തൂത്തുവാരിയും കുളിമുറി വൃത്തിയാക്കിയും ദിനവും മനംമടുപ്പിക്കുന്ന ജീവിതത്തിനിടയില്‍ പൊടുന്നനെ ഒരു വഴിത്തിരിവുണ്ടാകുന്നു. സര്‍ക്കാര്‍ രഹസ്യകേന്ദ്രത്തിന്റെ ചുതലയുളള കേണല്‍ റിച്ചാര്‍ഡ് സ്ട്രിക്‌ലാന്‍ഡ് (മൈക്കള്‍ ഷാനന്‍) ഒരു വലിയ ടാങ്കുമായാണ് ഒരു ദിവസം കയറി വന്നത്. ആമസോണില്‍ നിന്ന് പിടിച്ച എന്തോ ഒരു വസ്തുവാണ് അദ്ദേഹം പരീക്ഷണശാലയില്‍ എത്തിക്കുന്നത്. എന്നാല്‍ സ്ട്രിക്‌ലാന്‍ഡ് കൊണ്ടുവന്നത് കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്ന ഒരു പ്രത്യേകതരം ജീവിയാണെന്ന് എലിസ കണ്ടെത്തുന്നു. മ്ലാനമൂകമായ തൊഴിലിടത്തേക്ക് ആംഫിബിയന്‍ മാന്‍ (ഡഗ് ജോണ്‍സ്) കടന്ന് വരുന്നതോടെ കഥയില്‍ കാര്യമായ വഴിത്തിരിവുകളുണ്ടാവുന്നു.

ആംഫിബിയന്‍ മാന് (കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്നയാള്‍) ഭക്ഷണവും സംഗീതവും സംസാരശേഷിയില്ലാത്ത എലിസ എത്തിച്ചുകൊടുക്കുന്നു. സംസാരശേഷിയില്ലാത്ത എലിസ ജീവിയുമായി ഏറെ അടുക്കുന്നു. എന്നാല്‍ സ്ട്രിക്‌ലാന്‍ഡ് ജീവിയെ ഏറെ ക്രൂരമായാണ് കൈകാര്യം ചെയ്യുന്നത്. പലപ്പോഴും ജീവിയെ അയാള്‍ ക്രൂരമായി ഉപദ്രവിച്ചു.

ഒരു ഘട്ടത്തില്‍ തന്റെ പ്രേമഭാജനമാണ് ക്രൂരതയ്ക്ക് ഇരയാകുന്നതെന്ന് പോലും തോന്നിപ്പോയ എലിസ ആംഫിബിയന്‍ മാനെ സ്ഥലത്ത് നിന്നും രക്ഷിക്കാന്‍ തീരുമാനിക്കുന്നു. സെല്‍ദയുടെ സഹായത്തോടെ ജീവിയെ എലിസ തന്റെ വാസസ്ഥലത്ത് എത്തിക്കുന്നു. കൃത്യമായ ഒരു സമയം വന്നാല്‍ ജീവിയെ ആമസോണില്‍ തന്നെ തുറന്നുവിടാനായിരുന്നു പദ്ധതി. എന്നാല്‍ പിരിയാന്‍ പറ്റാത്തത്രയും തീവ്രമായ സ്നേഹം എലിസയ്ക്ക് ജീവിയോട് തോന്നുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്.

റൊമാന്‍സ് കൈകാര്യം ചെയ്ത പല ചിത്രങ്ങളും ഹോളിവുഡില്‍ പിറന്ന് വീണിട്ടുണ്ടെങ്കിലും സൈ-ഫൈ, ഡ്രാമാ, റൊമാന്‍സ് എന്നിവയുടെ സമ്മിശ്രണത്തിലൂടെ പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും കാഴ്ചാവിരുന്നാകുന്നു ചിത്രം. സൂപ്പര്‍ഹീറോ ചിത്രങ്ങളായ ഹെല്‍ ബോയ്, പാന്‍സ് ലബിരിന്ത്, പസിഫിക് റിം എന്നീ ചിത്രങ്ങളൊരുക്കിയ ഗില്ലര്‍മോയുടെ കരിയറിലെ മികച്ച ചിത്രം തന്നെയാണ് ഷേപ്പ് ഓഫ് വാട്ടര്‍.

പ്രമേയവും സംവിധാനവും മികച്ച് നില്‍ക്കുമ്പോഴും ചിത്രത്തിന്റെ പരിപൂര്‍ണതയ്ക്ക് വേണ്ടി പകര്‍ന്നാടുകയായിരുന്നു സാലി ഹോക്കിന്‍സ്. കൂടാതെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ശരവേഗം ഓടുന്ന സൈ-ഫൈ വിഭാഗത്തിലുളള ചിത്രങ്ങളിലെ ഷോട്ടുകളല്ല ചിത്രത്തിനുളളത്. വൈഡ് ഷോട്ടുകള്‍ കൊണ്ട് സമ്പന്നമായ ചിത്രം തുടക്കം മുതല്‍ ഒടുക്കം വരെ കഥാപാത്രങ്ങളേയും കഥാപശ്ചാത്തലത്തേയും ഒറ്റ നോട്ടം കൊണ്ട് പിടിച്ചെടുക്കാന്‍ സഹായിക്കുന്നു. കംപ്യൂട്ടറുകളുടെ സഹായത്തില്‍ സൈ-ഫൈ ചിത്രങ്ങള്‍ ഒരുക്കുന്ന കാലഘട്ടത്തില്‍ ജീവിയെ പൂര്‍ണമായും ഒരുക്കിയിരിക്കുന്നത് മേക്കപ്പിന്റെ സഹായത്തോടെ മാത്രമാണ്. ആംഫിബിയൻ മാനെ പോലെ കരയിലും വെളളത്തിലും മാത്രമല്ല, സിനിമയിലും ജീവിക്കുകയായിരുന്നു ഡഗ് ജോണ്‍സ് എന്ന് പറയാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ