സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അജിത്ത് നായകനായെത്തുന്ന വിവേഗത്തിനായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും വൻ തരംഗമാണ് ഉണ്ടാക്കിയത്. ഇപ്പോൾ വിവേഗത്തിന്റെ സെറ്റിൽ നിന്നുളള പുതിയ ചിത്രം പങ്കു വെച്ചിരിക്കുകയാണ് ട്രേഡ് അനലിസ്റ്റായ രമേഷ് ബാല.

യൂണിഫോം ധരിച്ചു നിൽക്കുന്ന അജിത്തും വിവേക് ഒബ്‌റോയിയും ഒന്നിച്ചുളള ചിത്രമാണ് വിവേഗത്തിലെ സൂപ്പർ സ്റ്റിൽ എന്ന് പറഞ്ഞ് രമേഷ് ബാല തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു യുദ്ധത്തിന് തയ്യാറെടുത്തു നിൽക്കുന്ന ടീമിനെയാണ് ചിത്രത്തിൽ കാണുന്നത്.

ഒരു സ്‌പൈ ത്രില്ലറാണ് വിവേഗം. ശിവയാണ് വിവേഗം സംവിധാനം ചെയ്യുന്നത്. അജിത്തിന്റെ 57-ാം ചിത്രമാണ് വിവേഗം. തല 57 എന്നാണ് ചിത്രം ആദ്യം പരക്കെ അറിയപ്പെട്ടിരുന്നത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വൻ തരംഗമാണ് ഉണ്ടാക്കിയത്.

ഒരു ഇന്റർപോൾ ഓഫീസറായാണ് അജിത്ത് വിവേഗത്തിലെത്തുന്നത്. യൂറോപ്പിലാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. അജിത്തിനെ കൂടാതെ കാജൽ അഗർവാൾ, അക്ഷര ഹാസൻ, വിവേക് ഒബ്‌റോയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിവേഗത്തിൽ അജിത്തിന്റെ കഥാപാത്രത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രമാണ് വിവേക് ഒബ്‌റോയിയുടേത്. വിവേക് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് വിവേഗം.

സത്യ ജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. വെട്രിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ ചിത്രം തിയേറ്ററിലെത്തിയേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ