ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും തമ്മിലുളള വിവാഹം നടന്നത്. മിലാനിലെ ആഡംബര റിസോർട്ടിൽവച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും.

ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഇരുവരുടേയും ബാല്യകാല ചിത്രങ്ങള്‍ കൊണ്ട് ക്വിന്റ് തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 29കാരിയായ അനുഷ്ക അയോധ്യയിലാണ് ജനിച്ചത്. പട്ടാളക്കാരനായിരുന്ന അച്ഛന്റെ മകളായി ബംഗളൂരുവിലാണ് അനുഷ്ക വളര്‍ന്നത്. പിന്നീട് മോഡലിംഗില്‍ ശ്രദ്ധ കേന്ദീകരിക്കാനായി താരം മുംബൈയിലേക്ക് നീങ്ങി. അവിടെ നിന്നാണ് ഷാരൂഖിന്റെ നായികയായി ബോളിവുഡിലേക്ക് ചുവടുവെച്ചത്. ക്ലീന്‍ സ്ലൈറ്റ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയും അനുഷ്കയുടേതാണ്.

ലോകത്തെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളില്‍ മുന്‍നിരക്കാരനായ കോഹ്ലിക്കും 29 വയസാണ്. പഞ്ചാബി കുടുംബത്തില്‍ ഡല്‍ഹിയിലാണ് കോഹ്ലി ജനിച്ചത്. 2008ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു കോഹ്ലി. മാസങ്ങള്‍ക്ക് ശേഷം 19ാം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം നടത്തി.

പിന്നീട് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാനായി കോഹ്ലി മാറി. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗം കൂടിയായിരുന്നു കോഹ്ലി. 2013ല്‍ ഇന്ത്യയുടെ നായകസ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. 2013ല്‍ തന്നെയായിരുന്നു അനുഷ്കയുമായി അദ്ദേഹം പ്രണയത്തിലായതും. പിന്നീട് ഈ ബന്ധം വിവാഹത്തിലെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ