ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഒരുമിച്ചുള്ള ഇരുവരുടേയും യാത്രകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാകുമ്പോഴും ആരാധകര്‍ അന്വേഷിച്ചിരുന്നത് ഇവരുടെ വിവാഹക്കാര്യമായിരുന്നു.

വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ൽ പിരിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു. കോഹ്‌ലിയുടെ മോശം ഫോമിനെ തുടർന്ന് അനുഷ്കക്കെതിരെ വിമർശനങ്ങൾ ഉണ്ടായപ്പോൾ കോഹ്‌ലി തന്നെ അനുഷ്കയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഒടുവില്‍ ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. വിരുഷ്‌ക വിവാഹ വാര്‍ത്തയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം തന്നെ ഇരുവരും വിവാഹിതരാവുമെന്നാണ് വിവരം. ഈ മാസം രണ്ടാം വാരം ഏതെങ്കിലും ദിവസമായിരിക്കും വിവാഹം നടക്കുക. ഇതിനായി അടുത്ത ദിവസം തന്നെ കോഹ്‌ലി ഇറ്റലിയിലേക്ക് പുറപ്പെടും.

ലങ്കയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ നിന്നും വിരാട് വിട്ടു നില്‍ക്കുന്നത് വിവാഹത്തില്‍ പങ്കെടുക്കാനെന്നാണ് വിവരം. അനുഷ്കയുടെ വിവാഹവസ്ത്രം ഫാഷന്‍ ഡിസൈനറായ സബ്യാസച്ചി മുഖര്‍ജിയാണ് ഒരുക്കുന്നതെന്നും വിവരമുണ്ട്. കോഹ്‌ലിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മിലാനിലായിരിക്കും വിവാഹം നടക്കുക. വിവാഹത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളൊന്നും തന്നെ പങ്കെടുത്തേക്കില്ല. ഇവര്‍ക്ക് വേണ്ടി ഇന്ത്യയില്‍ പിന്നീട് സത്കാരം ഒരുക്കും. ഡിസംബര്‍ 21ന് മുംബൈയിലായിരിക്കും സത്കാരം നടക്കുക. വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ